കൊച്ചി: സിനിമ നിര്‍മാതാക്കളുടെ സംഘടനയുടെ ഇടപെടലിനെ തുടര്‍ന്നു മാപ്പ് പറഞ്ഞ് ശ്രീനാഥ് ഭാസി 'തലയൂരി'. തുടര്‍ന്ന് പരാതി പിന്‍വലിക്കുകയാണെന്നു കാട്ടി കോടതിക്കു നല്‍കാനുള്ള ഹര്‍ജി അവതാരക ഒപ്പിട്ടു നല്‍കി. ശ്രീനാഥ് ഭാസി ക്ഷമാപണം നടത്തിയതിനാലാണ് പരാതി പിന്‍വലിക്കുന്നത് എന്ന് അഭിഭാഷകന്‍ മുഖാന്തിരം പരാതിക്കാരി അറിയിച്ചു.
പരാതിക്കാരിയോടും കുടുംബത്തോടും മാധ്യമസ്ഥാപനത്തിലെ മറ്റു ജീവനക്കാരോടും മാപ്പപേക്ഷ നടത്തിയ സാഹചര്യത്തില്‍ പരാതിയുമായി മുന്നോട്ടു പോകില്ല എന്ന് പരാതിക്കാരി ഉറപ്പ് നല്‍കിയതായി ശ്രീനാഥ് ഭാസിയുടെ അഭിഭാഷകനും അറിയിച്ചു. ഇതിനായി ഹൈക്കോടതിയില്‍ സത്യവാങ്മൂലവും വക്കാലത്തും ഒപ്പിട്ടു നല്‍കിയിട്ടുള്ളതായി അദ്ദേഹം പറഞ്ഞു.
ശ്രീനാഥ് ഭാസി നായകനായ ചട്ടമ്പി എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി കഴിഞ്ഞ 21ന്് സംഘടിപ്പിച്ച അഭിമുഖത്തില്‍ ശ്രീനാഥ് ഭാസി മോശമായി സംസാരിച്ചെന്നായിരുന്നു പരാതി. എറണാകുളം മരട് പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. സ്റ്റേഷനില്‍ ഹാജരായ ശ്രീനാഥ് ഭാസിയെ അറസ്റ്റു ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടയച്ചു.
തുടര്‍ന്ന് സിനിമാ നിര്‍മാതാക്കളുടെ സംഘടന ശ്രീനാഥ് ഭാസിയെ വിളിച്ചു വരുത്തി വിശദീകരണം തേടുകയും പരാതിക്കാരിയുമായി സംസാരിക്കുകയും ചെയ്തിരുന്നു. പരാതിക്കാരിയോട് നേരിട്ടു സംസാരിക്കുന്നതിനും ക്ഷമാപണം നടത്തുന്നതിനും സംഘടന തന്നെയാണ് അവസരം ഒരുക്കിയത്.