‘കളക്കാത്ത സന്ദനമേറം.... പൂത്തിരിക്കും പൂപറിക്കാ പോകിലാമോ....’ ഗോത്രതാളത്തിന്റെ ജൈവികതയും തനിമയും നിറഞ്ഞ പാട്ട് വീണ്ടും തരംഗമാകുന്നു. ദേശീയ ചലച്ചിത്ര പുരസ്കാരം ഏറ്റുവാങ്ങാനെത്തിയ മലയാളത്തിന്റെ പ്രിയ ഗായിക നഞ്ചിയമ്മയുടെ ഗാനം കേന്ദ്രമന്ത്രി അനുരാഗ് സിംഗ് താക്കൂർ ഇന്നലെ തൻറെ ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു. ഇതിലൂടെയാണ് ഗാനം വീണ്ടും ജനശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്.
മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം ഏറ്റുവാങ്ങിയ നഞ്ചിയമ്മയെ അഭിനന്ദിച്ച് കൊണ്ടാണ് അനുരാഗ് സിംഗ് താക്കൂർ ഗാനം പങ്കുവെച്ചത്. നഞ്ചിയമ്മയുടെ പുരസ്‌കാരത്തിൽ അഭിമാനം തോന്നുന്നുവെന്നാണ് കേന്ദ്രവാർത്താ വിതരണ മന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞത്. കേന്ദ്ര മന്ത്രി പങ്ക് വച്ച നഞ്ചിയമ്മയുടെ ഗാനം വൈറലാകുകയാണ്.
ഗോത്ര വർഗ്ഗത്തിൽ നിന്നും ഉയർന്നുവന്നു ഇന്ത്യയുടെ പ്രസിഡന്റ് പദവിയിൽ എത്തിച്ചേർന്ന ദ്രൗപതി മുർമുവിന്റെ കയ്യിൽ നിന്നും ഗോത്രവർഗ്ഗത്തിൽ നിന്നും ഉയർന്നുവന്ന നഞ്ചിയമ്മ ദേശീയ ചലച്ചിത്ര പുരസ്കാരം സ്വീകരിച്ചപ്പോൾ ചരിത്ര താളുകളിൽ ഒരു പുതിയ അധ്യായം കൂടിയാണ് ഇന്നലെ എഴുതി ചേർത്തത്.