കോടിയേരിയുടെ മൃതദേഹം കണ്ണൂരിലെത്തിച്ചു: മുഖ്യമന്ത്രി അടക്കമുള്ള നേതാക്കളെത്തി

കോടിയേരിയുടെ മൃതദേഹം കണ്ണൂരിലെത്തിച്ചു: മുഖ്യമന്ത്രി അടക്കമുള്ള നേതാക്കളെത്തി

കണ്ണൂര്‍: സിപിഎം പോളിറ്റ്ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം ചെന്നൈയില്‍ നിന്ന് എയര്‍ ആംബുലന്‍സില്‍ കണ്ണൂരിലെത്തിച്ചു.

വിമാനത്താവളത്തില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്റെ നേതൃത്വത്തില്‍ മൃതദേഹം ഏറ്റുവാങ്ങി. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, പ്രമുഖ സിപിഎം നേതാക്കള്‍ തുടങ്ങിയവര്‍ കണ്ണൂരിലെത്തിയിട്ടുണ്ട്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പി.ബി അംഗം പ്രകാശ് കാരാട്ട് എന്നീ ദേശീയ നേതാക്കള്‍ നാളെ എത്തും.

കോടിയേരിയുടെ ഭാര്യ വിനോദിനി മകന്‍ ബിനീഷ് അദ്ദേഹത്തിന്റെ ഭാര്യ റിനീറ്റ എന്നിവര്‍ ചെന്നൈയില്‍ നിന്ന് മൃതദേഹത്തെ അനുഗമിച്ചു. തലശേരി ടൗണ്‍ഹാളിലാണ് ഇന്നത്തെ പ്രധാന പൊതുദര്‍ശനം. രാത്രി പത്തുവരെ തലശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. വിമാനത്താവളത്തില്‍ നിന്ന് തലശേരിയിലേക്കുള്ള വിലാപ യാത്രയില്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ 14 കേന്ദ്രങ്ങളില്‍ നിരവധി പാര്‍ട്ടി പ്രവര്‍ത്തകരാണ് തടിച്ചു കൂടിയത്.

തലശേരിയിലെ പൊതുദര്‍ശനത്തിന് ശേഷം രാത്രി പത്ത് മണിയോടെ മൃതദേഹം കോടിയേരി മാടപ്പീടികയിലെ വസതിയിലേക്ക് കൊണ്ടുപോകും. തിങ്കളാഴ്ച രാവിലെ പത്ത് മണിവരെ അവിടെ പൊതുദര്‍ശനം ഉണ്ടാകും. 11 മുതല്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടന്‍ സ്മാരക മന്ദിരത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് കണ്ണൂര്‍ പയ്യാമ്പലത്താണ് സംസ്‌കാരം.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.