തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അന്ത്യശാസനത്തിന് വഴങ്ങി കേരള സര്‍വകലാശാല സെനറ്റ് യോഗം 11ന് ചേരും. വിസി നിര്‍ണയ സമിതിയിലേക്ക് സെനറ്റ് പ്രതിനിധിയെ നല്‍കിയില്ലെങ്കില്‍ കടുത്ത നടപടി ഉണ്ടാകുമെന്ന ഗവര്‍ണറുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് യോഗം ചേരാന്‍ തീരുമാനിച്ചത്. കേരളാ വിസിക്കെതിരെ നടപടി എടുക്കുമെന്ന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ നിലപാട് കടുപ്പിച്ചതോടെ സര്‍വകലാശാല വഴങ്ങുകയായിരുന്നു.
ഈ മാസം 24 നാണ് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. വി.പി മഹാദേവന്‍ പിള്ളയുടെ കാലാവധി അവസാനിക്കുന്നത്. ഇതിന് മുന്നോടിയായി ഗവര്‍ണര്‍ രൂപീകരിച്ച സെര്‍ച്ച് കമ്മറ്റിയിലേക്ക് പ്രതിനിധിയെ അയക്കണമെന്നായിരുന്നു ഗവര്‍ണര്‍ സര്‍വകലാശാലയ്ക്ക് നിര്‍ദേശം നല്‍കിയത്. എന്നാല്‍ രാജ്ഭവന്‍ ഇക്കാര്യം നിരന്തരം ആവശ്യപ്പെട്ടെങ്കിലും സര്‍വകലാശാല നിരാകരിക്കുകയായിരുന്നു. ഇതോടെ വി.സി നിര്‍ണയ സമിതിയിലേക്ക് സെനറ്റ് പ്രതിനിധിയെ നല്‍കിയില്ലെങ്കില്‍ കടുത്ത നടപടി ഉണ്ടാകുമെന്ന ഗവര്‍ണറുടെ മുന്നറിയിപ്പ് വരികയും 11ന് സെനറ്റ് യോഗം ചേരാന്‍ തീരുമാനിക്കുകയുമായിരുന്നു.
ഈ മാസം 11 നുള്ളില്‍ പ്രതിനിധിയെ നിര്‍ദേശിച്ചില്ലെങ്കില്‍ വി.സിക്കെതിരെ നടപടി എടുക്കുമെന്നും സെനറ്റ് പിരിച്ചുവിടുമെന്നുമായിരുന്നു ഗവര്‍ണറുടെ അന്ത്യശാസനം.
യോഗം ചേരാന്‍ ദിവസം തീരുമാനിച്ചെങ്കിലും പ്രതിനിധിയെ നിര്‍ദേശിക്കുന്നതില്‍ സര്‍വ്വകലാശാല ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നാണ് വിവരം. അതേസമയം സെനറ്റ് തീരുമാനമനുസരിച്ച് തുടര്‍ നടപടികളിലേക്ക് പോകാനാണ് രാജ്ഭവന്റെ തീരുമാനം.
സര്‍ക്കാരിനൊപ്പം ചേര്‍ന്ന് പ്രതിനിധിയെ നല്‍കാതിരിക്കാനെടുത്ത മുന്‍ തീരുമാനത്തില്‍ നിന്നും പിന്നോട്ട് പോകണോ അതോ ഗവര്‍ണര്‍ക്ക് വഴങ്ങി പ്രതിനിധിയെ നല്‍കണോ എന്നതില്‍ ചര്‍ച്ച തുടരുകയാണ്. സെനറ്റ് ചേര്‍ന്ന് ഗവര്‍ണറെ വിമര്‍ശിച്ച് വീണ്ടും പ്രമേയം പാസാക്കിയാല്‍ രാജ്ഭവന്‍ കടുത്ത നടപടികളിലേക്ക് പോകാനാണ് സാധ്യത.