തൃശൂര്‍: ബന്ധുവിന്റെ വീട്ടില്‍ പോയി തിരിച്ചുവരികവെ പാടത്തെ കുഴിയിലെ വെള്ളത്തില്‍ വീണ് അമ്മയും മകളും മുങ്ങിമരിച്ചു. മാള, പള്ളിപ്പുറം സ്വദേശി കളപ്പുരയ്ക്കല്‍ ജിയോയുടെ ഭാര്യ മേരി അനു (37) മകള്‍ ആഗ്ന (11) എന്നിവരാണ് മരിച്ചത്. മാളയിലെ പൂപ്പത്തിയില്‍ ശനിയാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം.
പൂപ്പത്തി ചുള്ളൂര്‍ ക്ഷേത്രം റോഡിലെ പാടത്ത് കൃഷി ആവശ്യത്തിന് എടുത്ത 15 അടിയോളം ആഴമുള്ള കുഴിയിലാണ് ഇരുവരും വീണത്. കുഴിയില്‍ വീണ ഇളയ കുട്ടിയുടെ ചെരുപ്പ് എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മേരി കാല്‍ വഴുതി വീണത്. ഇതുകണ്ടുനിന്ന ആഗ്ന അമ്മയെ രക്ഷിക്കാന്‍ ഇറങ്ങിയെങ്കിലും താഴ്ന്നുപോയി.
ഇളയ കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാര്‍ ശ്രമം നടത്തിയെങ്കിലും രക്ഷപെടുത്താനായില്ല. തുടര്‍ന്ന് അഗ്‌നിരക്ഷാ സേന എത്തിയാണ് ഇരുവരെയും കരയിലേക്ക് കയറ്റിയത്. ഈ സമയത്ത് മേരി അനുവിന് ജീവനുണ്ടായിരുന്നുവെന്ന് രക്ഷാ പ്രവര്‍ത്തനം നടത്തിയവര്‍ പറഞ്ഞു. ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.