കൊച്ചി: അമിത വേഗതയില്‍ വന്ന സ്വകാര്യ ബസ് ഇടിച്ചുതെറിപ്പിച്ച വഴിയാത്രക്കാരന് ദാരുണാന്ത്യം. ഇടകൊച്ചി സ്വദേശി ലോറന്‍സ് വര്‍ഗീസ് (61) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് ആറ് മണിയോടെ തോപ്പുംപടി ജിയോ ഹോട്ടലിന് മുന്‍വശത്തായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റിരുന്ന ലോറന്‍സിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ബൈക്ക് റോഡരികില്‍ പാര്‍ക്ക് ചെയ്ത ശേഷം സമീപത്തെ കടയിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഫോര്‍ട്ട്‌കൊച്ചിയില്‍ നിന്ന് കാക്കനാട്ടേക്ക് പോകുകയായിരുന്ന ബസാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ തെറിച്ച് പോയ ഇയാളെ നാട്ടുകാര്‍ കരുവേലിപ്പടി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ കളമശേരി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു.
അപകടമുണ്ടാക്കിയ ബസ് നേരത്തേയും പല അപകടങ്ങള്‍ക്കും കാരണമായതായാണ് വിവരം. ഇടുങ്ങിയ റോഡായ ഇവിടെ സ്വകാര്യ ബസുകള്‍ അമിത വേഗതയിലാണ് പായുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.