തിരുവനന്തപുരം: സംസ്ഥാനത്ത് പാല്‍വില കൂട്ടുന്നു. ഉത്പാദനച്ചെലവ് വര്‍ധിച്ചതും ക്ഷീരകര്‍ഷകരുടെ ആവശ്യവും കണക്കിലെടുത്താണ് മില്‍മയുടെ തീരുമാനം. ഡിസംബറിലോ ജനുവരിയിലോ വില വര്‍ധിപ്പിക്കാനാണ് സാധ്യത. 2019 ലാണ് ഇതിന് മുന്‍പ് മില്‍മ പാല്‍ വില കൂട്ടിയത്. ലിറ്ററിന് നാലു രൂപയാണ് അന്ന് വര്‍ധിപ്പിച്ചത്.
കഴിഞ്ഞ മാസം ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ എറണാകുളം, തിരുവനന്തപുരം മേഖലാ യൂണിയനുകള്‍ ലിറ്ററിന് നാലു രൂപ കൂട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. വില കൂട്ടുന്നത് പഠിക്കാന്‍ രണ്ടു പേരടങ്ങിയ സമിതിയെ മില്‍മ ഫെഡറേഷന്‍ നിയോഗിച്ചു. ഈ റിപ്പോര്‍ട്ടും കൂടി കണക്കിലെടുത്താവും വില വര്‍ധനവില്‍ അന്തിമ തീരുമാനം എടുക്കുക.
വെറ്ററിനറി സര്‍വകലാശാലാ ഡയറി വിഭാഗത്തിലെയും അമ്പലവയല്‍ റീജണല്‍ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് സ്റ്റേഷനിലെയും ഓരോ പ്രതിനിധികളാണ് സമിതിയിലുള്ളത്. ഈ മാസം തന്നെ റിപ്പോര്‍ട്ട് നല്‍കിയേക്കും. ഓരോ ജില്ലകളിലെയും പ്രധാന ക്ഷീരകര്‍ഷകരെ കണ്ടെത്തി സമിതി അഭിപ്രായം തേടും. വില എത്രവരെ കൂട്ടിയാല്‍ ലാഭകരമാകും എന്നതാകും ആരായുക. പാല്‍ വില വര്‍ധിപ്പിക്കാതെ ഇനിയും മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന് മില്‍മ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.
നിലവില്‍ ക്ഷീര വകുപ്പ് കര്‍ഷകര്‍ക്ക് നാല് രൂപവീതം ഇന്‍സന്റീവ് നല്‍കുന്നുണ്ട്. അസംസ്‌കൃത വസ്തുക്കളുടെ വില കൂടിയതിനാല്‍ കാലിത്തീറ്റ വിലയും വര്‍ധിപ്പിച്ചേക്കും.