കൊച്ചി: കേരളത്തിലും നരബലി നടന്നതായി ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. തിരുവല്ലയിലെ ദമ്പതികള്‍ക്ക് വേണ്ടി എറണാകുളം ജില്ലയിലെ രണ്ട് സ്ത്രീകളെ തട്ടിക്കൊണ്ടു പോയി ബലി നടത്തിയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
പെരുമ്പാവൂരുകാരനായ ഏജന്റ് ഷിഹാബ് എന്ന റഷീദിനെയും തിരുവല്ല സ്വദേശികളായ ഭഗവന്ത് സിങ്-ലൈല ദമ്പതിമാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
കാലടി സ്വദേശി റോസിലി, കടവന്ത്ര പൊന്നുരുന്നി സ്വദേശി പദ്മ എന്നീ സ്ത്രീകളാണ് കൊല്ലപ്പെട്ടത്. ഇരുവരെയും കാണാനില്ലെന്ന് കാണിച്ച് പൊലീസിന് പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നരബലിയെക്കുറിച്ചുള്ള വിവരം ലഭിച്ചത്.
സാമ്പത്തിക അഭിവൃദ്ധി, കുടുംബത്തിന് ഐശ്വര്യം വരിക എന്നീ ഉദ്യേശത്തിലാണ് ബലി നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. രണ്ട് സ്ത്രീകളെയും തിരുവല്ലയിലെത്തിച്ച് തലയറുത്താണ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം കഷണങ്ങളാക്കി കുഴിച്ചിടുകയായിരുന്നു. മൃതദേഹം കണ്ടെടുക്കാന്‍ ആര്‍ഡിഒ അടക്കമുള്ള സംഘം തിരുവല്ലയിലെത്തിയിട്ടുണ്ട്.
കടവന്ത്രയില്‍ ഒരു സ്ത്രീയെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നരബലി നടന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കാലടിയില്‍ ഒരു സ്ത്രീയെയും ബലി നല്‍കിയെന്ന് തെളിഞ്ഞു.
സെപ്തംബര്‍ 27നാണ് എറണാകുളം കടവന്ത്ര പൊന്നുരുന്നി സ്വദേശി പദ്മ എന്ന സ്ത്രീയെ കാണാതായത്. അന്വേഷണത്തില്‍ അവരെ കഷണങ്ങളാക്കി കൊലപ്പെടുത്തിയെന്ന് കണ്ടെത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാലടി സ്വദേശി റോസിലിയെയും സമാന രീതിയില്‍ കൊലപ്പെടുത്തിയതായി കണ്ടെത്തിയത്.