കൊച്ചി: ഇലന്തൂര്‍ നരബലിക്കേസിലെ മുഖ്യ ആസൂത്രകന്‍ റാഷിദ് എന്ന മുഹമ്മദ് ഷാഫി തന്നെയെന്ന് കൊച്ചി പൊലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജു. ഇയാള്‍ സൈക്കോപാത്ത് ആണെന്നും ലൈംഗിക വൈകൃതമുള്ള ആളാണെന്നും കമ്മീഷണര്‍ വ്യക്തമാക്കുന്നു.
പത്ത് വര്‍ഷത്തിനിടെ 15 കേസുകളില്‍ ഷാഫി പ്രതിയായെന്ന് കമ്മീഷണര്‍ പറയുന്നു. സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ടാണ് ഫെയ്‌സ്ബുക്കില്‍ ഷാഫി വ്യാജ ഐഡി ഉണ്ടാക്കിയത്.
ഇയാള്‍ സാഡിസ്റ്റിക് പ്ലഷര്‍ കണ്ടെത്തുന്ന ആളാണെന്ന് കമ്മീഷണര്‍ വ്യക്തമാക്കുന്നു. ഇരകളുടെ ശരീരത്തില്‍ മുറിവുണ്ടാക്കി അവരുടെ വേദനയില്‍ നിന്നും രസം കണ്ടെത്തുന്നതാണ് ഷാഫിയുടെ ലഹരി. ഷാഫിക്കെതിരായ മുന്‍ പീഡനക്കേസും ഇതും തമ്മില്‍ സാമ്യമുണ്ട്.
ഷാഫിയ്ക്ക് വെറും ആറാം ക്ലാസ് വിദ്യാഭ്യാസം മാത്രമാണുള്ളത്. ഇയാള്‍ ചെയ്യാത്ത ജോലികളൊന്നുമില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. തന്റെ ആഗ്രഹം നടപ്പാക്കാന്‍ ആളുകളെ ഏതു തരത്തിലും വീഴ്ത്താനുള്ള ശേഷി ഇയാള്‍ക്കുണ്ട്. അതിനു വേണ്ടി ഏതുവിധത്തിലും അയാള്‍ പ്രവര്‍ത്തിക്കും.
ശ്രീദേവി എന്ന പേരില്‍ ഫെയ്സ്ബുക്കില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയാണ് ഇയാള്‍ ഭഗവല്‍ സിങ്, ലൈല എന്നിവരുമായി അടുപ്പമുണ്ടാക്കിയത്. പിന്നീട് കൂടുതല്‍ തന്ത്രങ്ങള്‍ മെനഞ്ഞ്, ഇയാളെ ഭഗവല്‍ സിങ്ങും ഭാര്യയും പൂര്‍ണമായി വിശ്വസിക്കുന്ന നിലയിലേക്കെത്തുകയായിരുന്നു.
ദമ്പതികളെ വിശ്വസിപ്പിച്ച് കുറ്റകൃത്യത്തിലേക്ക് എത്തിച്ചത് ഷാഫി തന്നയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ഗൂഢാലോചനയും ആസൂത്രണവും ഇരകളെ വലയിലാക്കിയതും ഷാഫിയുടെ ക്രിമിനല്‍ ബുദ്ധിയാണ്. ദുര്‍മന്ത്രവാദത്തിനായി ഇയാള്‍ ദമ്പതികളില്‍ നിന്നും ലക്ഷക്കണക്കിന് രൂപ കൈപ്പറ്റുകയും ചെയ്തു. എന്നാല്‍ ഇത് സംബന്ധിച്ച രേഖകള്‍ മുഴുവന്‍ കണ്ടെത്തേണ്ടതുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു.
ഭഗവല്‍ സിങ്ങിന്റെയും ലൈലയുടേയും പേരില്‍ മുന്‍പ് കേസുകളുള്ളതായി അറിവില്ല. രേഖപരമായി ഇവരുടെമേല്‍ ക്രിമിനല്‍ കേസുകളൊന്നുമില്ല. കൊലപ്പെടുത്തിയ സ്ത്രീകളുടെ മാംസം ഭക്ഷിച്ചതായി പ്രതികള്‍ പറഞ്ഞിട്ടുണ്ട്. ഇതേക്കുറിച്ച് അന്വേഷിച്ചു വരികയാണെന്നും പൊലീസ് കമ്മീഷണര്‍ പറഞ്ഞു.
ആന്റി ടെററിസം സൈബര്‍ വിങ്ങിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത് ഷാഫി അറിയപ്പെടുന്ന അറബി മാന്ത്രികനും ഡ്രഗ് മാഫിയാ സിന്‍ഡിക്കേറ്റിന്റെ അംഗവുമാണെന്നാണ്. ഇലന്തൂരില്‍ നടന്നത് അറബി മാന്ത്രിക വിധി പ്രകാരമുള്ള നരബലിയിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നരബലി നടപ്പാക്കിയത് മുഹമ്മദ് ഷാഫി എന്ന അറബി മാന്ത്രികന്‍ തന്നെയെന്ന സൂചന ഇതോടെ കൂടുതല്‍ ബലപ്പെടുകയാണ്. ഇത്തരത്തിലുള്ള കൂടുതല്‍ കൊലപാതകങ്ങള്‍ ഇയാള്‍ നടത്തിയിട്ടുണ്ടാകാമെന്നും ഇയാളെ കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണം വേണമെന്നുമാണ് ആന്റി ടെററിസം സൈബര്‍ വിങ് ആവശ്യപ്പെടുന്നത്. ഇയാള്‍ സ്ഥിരമായി കഞ്ചാവ് കടത്തിയിരുന്ന ആളാണെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
കഷണങ്ങളാക്കി ശവശരീരം മുറിക്കുന്നതും ഉപ്പ് പുരട്ടി ആഴത്തില്‍ മറവു ചെയ്യുന്നതുമായ രീതികള്‍ അറബി മന്ത്രവാദത്തിന്റെയും നരബലിയുടേയും ചില പ്രത്യേക രീതികളാണ്. സംസ്ഥാനത്ത് അറബി മാന്ത്രികത്തിന്റെ പരസ്യങ്ങള്‍ സജീവമാണ്. അതിനാല്‍ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തില്‍ നടന്ന നരബലി സംബന്ധമായി സത്യസന്ധവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്ന് ആന്റി ടെററിസം സൈബര്‍ വിങ് ആവശ്യപ്പെടുന്നു.
ഭഗവല്‍ സിങിന്റെ പുരയിടത്തില്‍ നടത്തിയ പരിശോധനയില്‍ ഒരു കുഴിയില്‍ നിന്നും പത്മയുടെ ശരീരാവശിഷ്ടങ്ങള്‍ ലഭിച്ചിരുന്നു. മറ്റു മൂന്നു കുഴികളില്‍ നിന്നാണ് റോസിലിയുടെ ശരീരാവശിഷ്ടങ്ങള്‍ ലഭിച്ചത്. കൊച്ചി ഡിസിപിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണമാണ് നാടിനെ നടുക്കിയ കുറ്റകൃത്യം പുറത്തു കൊണ്ടുവരാന്‍ സഹായമായത്.