ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: അഭിമുഖത്തിനിടെ അവതാരകയെ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. പരാതിക്കാരിയുമായി ഒത്തുതീര്‍പ്പ് ഉണ്ടായതിനെ തുടര്‍ന്നാണ് നടപടി.

ശ്രീനാഥ് ഭാസി മാപ്പുപറഞ്ഞ സാഹചര്യത്തില്‍ കേസുമായി മുന്നോട്ടുപോകാന്‍ താത്പര്യമില്ലെന്ന് അവതാരക വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീനാഥ് ഭാസി ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി.

നേരത്തെ കേസിലെ തുടര്‍ നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. സംഭവത്തില്‍ ശ്രീനാഥ് ഭാസി മാപ്പുപറഞ്ഞതിനാല്‍ കേസുമായി മുന്നോട്ടുപോകാന്‍ താത്പര്യമില്ലെന്ന് വ്യക്തമാക്കി പരാതിക്കാരി ഹര്‍ജിക്കൊപ്പം സത്യവാങ്മൂലവും നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഹൈക്കോടതി കേസ് അവസാനിപ്പിച്ച് ഉത്തരവായത്.

സെപ്റ്റംബര്‍ 21ന് കൊച്ചിയിലെ ഒരു ഹോട്ടലില്‍ അഭിമുഖത്തിനിടെ തന്നെ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി അവതാരക നല്‍കിയ പരാതിയില്‍ മരട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. 23ന് ശ്രീനാഥ് ഭാസിയെ അറസ്റ്റുചെയ്ത് ജാമ്യത്തില്‍ വിട്ടുകയായിരുന്നു. തുടര്‍ന്ന് സിനിമാ നിര്‍മാതാക്കളുടെ സംഘടന ഇടപെട്ടാണ് രമ്യമായ പരിഹാരത്തിന് അവസരമൊരുക്കിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.