കൊച്ചി: ഇലന്തൂര്‍ ഇരട്ട നരബലിക്കേസ് പ്രതികളെ കസ്റ്റഡിയില്‍ വിട്ട് കോടതി. പ്രതികളായ മുഹമ്മദ് ഷാഫി, ലൈല, ഭഗവല്‍ സിങ് എന്നിവരെ 12 ദിവസത്തേക്കാണ് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കസ്റ്റഡിയില്‍ വിട്ടത്. ഇന്നലെയാണ് പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യവുമായി അന്വേഷണ സംഘം കോടതിയെ സമീപിച്ചത്.
12 ദിവസം കസ്റ്റഡിയില്‍ വേണമെന്ന് ആയിരുന്നു അന്വേഷണ സംഘം കോടതിയില്‍ ആവശ്യപ്പെട്ടത്. സമഗ്ര അന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് തെളിവെടുക്കേണ്ടതുണ്ടെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. ഇത് പൂര്‍ണമായി അംഗീകരിച്ചുകൊണ്ടായിരുന്നു 12 ദിവസത്തെ കസ്റ്റഡി അനുവദിച്ചത്.
ഇലന്തൂരിലേത് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന കുറ്റകൃത്യമാണെന്നും കൂടുതല്‍ നിര്‍ണായക വിവരങ്ങള്‍ ഇനിയും പുറത്തുവരാന്‍ ഉണ്ടെന്നും പ്രോസിക്യൂഷനും കോടതിയെ അറിയിച്ചിരുന്നു.
കേസില്‍ 22 കാര്യങ്ങള്‍ സമര്‍ത്ഥിച്ചുകൊണ്ടായിരുന്നു പൊലീസ് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കിയത്. ആഭിചാര കൊലയ്ക്ക് വേണ്ടി ഷാഫി മറ്റ് ജില്ലകളില്‍ നിന്നും സ്ത്രീകളെ എത്തിച്ചുവെന്നാണ് സംശയിക്കുന്നത്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നായിരുന്നു പൊലീസിന്റെ പ്രധാന ആവശ്യം.