പനമരം സി.ഐ എലിസബത്തിനെ ക്രൈംബ്രാഞ്ചിലേക്ക് സ്ഥലം മാറ്റി

പനമരം സി.ഐ എലിസബത്തിനെ ക്രൈംബ്രാഞ്ചിലേക്ക് സ്ഥലം മാറ്റി

കല്‍പറ്റ: വയനാട്ടു നിന്ന് കാണാതായി പിന്നീട് തിരുവനന്തപുരത്ത് കണ്ടെത്തിയ പനമരം സിഐ കെ.എ എലിസബത്തിനെ വയനാട് ക്രൈംബ്രാഞ്ചിലേക്ക് സ്ഥലം മാറ്റി. പാലക്കാട് അതിവേഗ പ്രത്യേക കോടതിയിലേക്ക് കോര്‍ട്ട് എവിഡന്‍സ് ഡ്യൂട്ടിക്കായി ഒക്ടോബര്‍ പത്തിന് പാലക്കാടേയ്ക്ക് പോയ എലിസബത്തിനെ അന്ന് വൈകുന്നേരം മുതല്‍ കാണാതാവാകുകയായിരുന്നു. പിന്നീട് തിരുവനന്തപുരത്തെ വനിതാ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് കണ്ടെത്തിയത്.

സംഭവത്തില്‍ മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. റിട്ടയേഡ് സിഐയായ വനിതാ സുഹൃത്തിന്റെ ആനയറയിലെ വീട്ടില്‍ എലിസബത്ത് ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.

ജോലി സംബന്ധമായ സമ്മര്‍ദങ്ങളാണ് മാറി നില്‍ക്കാന്‍ കാരണമെന്നാണ് തിരുവനന്തപുരം പൊലീസിനോട് എലിസബത്ത് പറഞ്ഞത്. തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം നടന്ന ജില്ലാ പൊലീസ് മേധാവിയുടെ ക്രൈം കോണ്‍ഫറന്‍സില്‍ എലിസബത്ത് പങ്കെടുക്കേണ്ടതായിരുന്നു. എന്നാല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ തനിക്ക് പകരം ഗ്രേഡ് എസ്.ഐ ഒ.എ ലക്ഷ്മണനെ ഏല്‍പിക്കുകയായിരുന്നു. ക്രൈം കോണ്‍ഫറന്‍സില്‍ പങ്കെടുക്കാഞ്ഞതിന് ഉന്നത ഉദ്യോഗസ്ഥന്‍ എലിസബത്തിനെ ഫോണില്‍ വിളിച്ച് ശകാരിച്ചതായി പറയുന്നു.

തിങ്കളാഴ്ച രാത്രി വൈകിയും എസ്.എച്ച് ഒ.യെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് ഉന്നതാധികാരികളുടെ നിര്‍ദേശപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഉദ്യോഗസ്ഥയെ കണ്ടെത്തിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.