തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി തിരുവനന്തപുരം സെൻട്രൽ യൂണിറ്റിൽ പണം കാണാതായ സംഭവത്തിൽ സൂപ്രണ്ട് ഉൾപ്പടെ അഞ്ചുപേരെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ കൃത്രിമം നടന്നതായി കെ.എസ്.ആർ.ടി.സി മാനേജ്മെന്‍റ് നടത്തിയ അന്വേഷമത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ദിവസ വരുമാനത്തിൽ നിന്ന് 1,17,000 രൂപയാണ് കാണാതായത്. നാല് ദിവസം മുമ്പാണ് പ്രതിദിന കളക്ഷൻ മുഴുവനായും ബാങ്കിൽ എത്തിയില്ലെന്ന് കണ്ടെത്തിയത്. സംഭവത്തിൽ ഒഡിറ്റ് വിഭാഗം പരിശോധന നടത്തിയിരുന്നു.
യൂണിറ്റ് ഓഫീസർ ഇതുസംബന്ധിച്ച് പരാതി കൈമാറിയതിന് പിന്നാലെയാണ് ഓഡിറ്റ് വിഭാഗം പരിശോധന നടത്തിയത്.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കെഎസ്ആർടിസി അറിയിച്ചു.
ടിക്കറ്റ് വരുമാനത്തിൽ നിന്നുള്ള പണത്തിൽ ടോൾ പിരിവ്, ഡീസലടിക്കാനുള്ള പണം എന്നിവ മാറ്റിവെച്ച് ബാക്കി തുക ബാങ്കിലടക്കണം. എന്നാൽ വൗച്ചർ ബില്ലുമായി ഒത്തുനോക്കിയപ്പോഴാണ് ഒരു ലക്ഷത്തിലധികം രൂപ കാണാനില്ലെന്ന് കണ്ടെത്തിയത്.
മികച്ച കളക്ഷൻ നേടുന്ന ഡിപ്പോയാണ് കെ.എസ്.ആർ.ടി.സി തിരുവനന്തപുരം യൂണിറ്റ്. ദിവസം 35 മുതൽ 50 ലക്ഷം രൂപ വരെയാണ് ഇവിടുത്തെ വരുമാനം.