'വിനാശകരമായ വികസനം': സമരം ശക്തമാക്കാനൊരുങ്ങി ലത്തീന്‍ അതിരൂപത; പള്ളികളില്‍ സര്‍ക്കുലര്‍ വായിച്ചു

'വിനാശകരമായ വികസനം': സമരം ശക്തമാക്കാനൊരുങ്ങി ലത്തീന്‍ അതിരൂപത; പള്ളികളില്‍ സര്‍ക്കുലര്‍ വായിച്ചു

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട് ലത്തീന്‍ പള്ളികളില്‍ സര്‍ക്കുലര്‍ വായിച്ചു. റോഡുപരോധവും പ്രതിഷേധ പരിപാടികളും വിജയിപ്പിക്കണമെന്ന് ആഹ്വാനം ചെയ്തു കൊണ്ടാണ് പള്ളികളില്‍ ഇന്ന് പ്രത്യേക സര്‍ക്കുലര്‍ വായിച്ചത്.

അതിരൂപതയുടെ ഏഴ് ആവശ്യങ്ങളില്‍ ഒന്ന് പോലും സര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിച്ചില്ലെന്നും ഒന്നും ചെയ്യാതെ എല്ലാം ചെയ്തെന്നു പറയുന്നുവെന്നും സര്‍ക്കുലറില്‍ അതിരൂപത വ്യക്തമാക്കി.

സര്‍ക്കുലറില്‍ പറയുന്ന പ്രധാന കാര്യങ്ങള്‍ ഇവയാണ്-

'തീര ജനതയുടെ നിലവിളി അധികാരികള്‍ കേള്‍ക്കുന്നില്ല. മനുഷ്യോചിതമല്ലാത്ത ജീവിത സാഹചര്യത്തിലുളളവരെ മാറ്റി പാര്‍പ്പിക്കുന്നില്ല. ഇത് മനുഷ്യനിന്ദ, ദൈവനിന്ദ, പൈശാചികത. തീരം നഷ്ടപെടുന്നത് പറയുമ്പോള്‍ ആഗോള താപനമെന്ന് പറയും. തീര ശോഷണമില്ലാത്തിടത്ത് ആഗോള താപനമില്ല'. അതിരൂപതയ്ക്ക് കീഴിലെ എല്ലാ പള്ളികളിലും കുര്‍ബാന മധ്യേ സര്‍ക്കുലര്‍ വായിച്ചു.

തിങ്കളാഴ്ചയാണ് തിരുവനന്തപുരത്ത് എട്ട് കേന്ദ്രങ്ങളില്‍ റോഡുപരോധ സമരം പ്രഖ്യാപിച്ചിട്ടുള്ളത്. തുറമുഖനിര്‍മാണം വേഗം പുനരാരംഭിക്കണമെന്നിരിക്കെ സര്‍ക്കാരിന്റെ സവായ ചര്‍ച്ചകളും ഉടനുണ്ടാകും. മുഖ്യമന്ത്രിയുമായുള്ള കൂടിയാലോചനയ്ക്ക് ശേഷമാകും മന്ത്രിസഭാ ഉപസമിതി സമരക്കാരെ കാണുക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.