തിരുവനന്തപുരം: കേരള സര്‍വ്വകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധമെന്ന് കേരള വിസി. തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിസി ഗവര്‍ണര്‍ക്ക് കത്തയച്ചു. സെനറ്റ് യോഗത്തില്‍ നിന്നും വിട്ടു നിന്ന ചാന്‍സലറുടെ നോമിനികളെയാണ് ശനിയാഴ്ച്ച ഗവര്‍ണര്‍ പിന്‍വലിച്ചത്.
ഗവര്‍ണര്‍ക്കെതിരെ കോടതിയെ സമീപിക്കാന്‍ കേരള സര്‍വ്വകലാശാലയിലെ സിപിഎം സെനറ്റ് അംഗങ്ങള്‍ തീരുമാനിച്ചു. സിപിഎമ്മിന്റെ രണ്ട് അംഗങ്ങള്‍ അടക്കം തന്റെ നോമിനികളായ 15 പേരെ കഴിഞ്ഞ ദിവസം ഗവര്‍ണര്‍ പിന്‍വലിച്ചിരുന്നു. ചാന്‍സലറുടെ താല്‍പര്യം നഷ്ടമായെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. എന്നാല്‍ അംഗങ്ങളുടെ വിശദീകരണം തേടാതെയുള്ള നടപടി ചട്ടവിരുദ്ധമാണെന്നാണ് സിപിഎം നിലപാട്.
അതേസമയം പുറത്താക്കപ്പെട്ട അംഗങ്ങള്‍ ഹൈക്കോടതിയെ സമീപിക്കുന്നതിനായി നിയമോപദേശം തേടിയിട്ടുണ്ട്. വിസി നിയമനത്തിനുള്ള സെനറ്റ് പ്രതിനിധിയെ നിശ്ചയിക്കാന്‍ ചേര്‍ന്ന യോഗം ക്വാറം തികയാതെ പിരിയുകയായിരുന്നു. യോഗത്തില്‍ നിന്ന് വിട്ടു നിന്നതിനാണ് 15 പേരെ ഗവര്‍ണര്‍ പിന്‍വലിച്ചത്.
ചാന്‍സലര്‍ക്ക് താല്‍പര്യം നഷ്ടമായാല്‍ അംഗങ്ങളെ പിന്‍വലിക്കാമെന്ന വ്യവസ്ഥ ചട്ടത്തിലുണ്ട്. പക്ഷേ അപൂര്‍വ്വമായി മാത്രം പ്രയോഗിക്കുന്ന നടപടിക്കാണ് ഗവര്‍ണര്‍ ശനിയാഴ്ച്ച തയ്യാറായത്. വിസി നിര്‍ണ്ണയ സമിതിയിലേക്കുള്ള സെനറ്റ് നോമിനിയെ നിര്‍ദേശിക്കാനുള്ള ഗവര്‍ണറുടെ അന്ത്യശാസനം കേരള സര്‍വ്വകലാശാല നിരന്തരം തള്ളുകയാണ്. ചൊവ്വാഴ്ച ചേര്‍ന്ന സെനറ്റ് യോഗം ക്വാറം തികയാതെ പിരിയുകയായിരുന്നു. ഇടത് അംഗങ്ങള്‍ക്കൊപ്പം ചാന്‍സലറുടെ നോമിനികളായ 15 പേരും വിട്ടുനിന്നിരുന്നു. ഇവരുടെ വിശദാംശങ്ങള്‍ വിസിയോട് തേടിയാണ് നടപടി എടുത്തത്.
പിന്‍വലിച്ചതില്‍ നാല് വകുപ്പ് മേധാവിമാരുമുണ്ട്. കൂടാതെ 15 ല്‍ രണ്ട് പേര്‍ സിണ്ടിക്കേറ്റ് അംഗങ്ങള്‍ കൂടിയാണ്. അംഗത്വത്തില്‍ നിന്നും ഒഴിവാക്കിയെന്നാണ് വിസിയെ രേഖാമൂലം ഗവര്‍ണര്‍ അറിയിച്ചത്. അടുത്ത സെനറ്റ് യോഗം നാലിന് ചേരാനിരിക്കെയാണ് ഗവര്‍ണറുടെ രണ്ടും കല്‍പ്പിച്ചുള്ള നീക്കം. ഗവര്‍ണറുടെ നടപടിയോടുള്ള സര്‍ക്കാരിന്റെ പ്രതികരണം പ്രധാനമാണ്. നാലിനും തീരുമാനമായില്ലെങ്കില്‍ ഗവര്‍ണര്‍ രൂപീകരിച്ച രണ്ടംഗ സെര്‍ച്ച് കമ്മിറ്റി പുതിയ വിസിയെ കണ്ടെത്താനുള്ള നടപടി തുടങ്ങും.