കൊച്ചി: ചതിയുടെ പത്മവ്യൂഹമെന്ന തന്റെ ആത്മകഥയുടെ രണ്ടാം ഭാഗത്തില്‍ ന്യൂക്ലിയര്‍ ബോംബുണ്ടാകുമെന്നും അത് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരായിരിക്കുമെന്നും സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും സമയമാകുമ്പോള്‍ പുറത്തു വിടുമെന്നും സ്വപ്‌ന പറഞ്ഞു.
'പുസ്തകം എഴുതാമെന്ന് തോന്നാന്‍ കാരണം ശിവശങ്കറിന്റെ ആത്മകഥയാണ്. അദ്ദേഹം തന്റെ ആത്മകഥയില്‍ തെറ്റായ കാര്യങ്ങള്‍ ഒരുപാട് എഴുതിയിട്ടുണ്ട്. എന്നെ ചതിക്കാന്‍ ശ്രമിച്ചു. തെറ്റായ കാര്യങ്ങളെഴുതി ശിവശങ്കര്‍ സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചു. ഞാന്‍ എഴുതിയിരിക്കുന്നത് എന്റെ ആത്മാവിലും എന്റെ ജീവിതത്തിലും നടന്ന സംഭവങ്ങള്‍ ആണ്. ഞാന്‍ ജയിലില്‍ ആയിരുന്ന സമയം എന്നെ വൃത്തികെട്ട രീതിയില്‍ പലരും ചിത്രീകരിക്കാന്‍ തുടങ്ങി'- സ്വപ്‌ന പറഞ്ഞു.
മുഖ്യമന്ത്രിക്കും കുടുംബത്തിനും വേണ്ടി അതിവേഗം പദ്ധതികള്‍ തയ്യാറാക്കി എന്തും വളച്ചോടിക്കാന്‍ കഴിവുള്ള വ്യക്തിയാണ് ശിവശങ്കര്‍. അയാള്‍ക്ക് പെട്ടെന്ന് കള്ളം പറയാന്‍ പറ്റും. എല്ലാത്തിന്റെയും പിന്നിലുള്ള മാസ്റ്റര്‍ ബ്രയിന്‍ ആണ് ശിവശങ്കര്‍.
മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരായ സംഭവങ്ങള്‍ തന്റെ ആത്മകഥയുടെ രണ്ടാം ഭാഗത്തില്‍ ഉണ്ടാകും. ആദ്യ ഭാഗം എഴുതിയതില്‍ മസാലകള്‍ മാത്രമാണ് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതെന്നും സ്വപ്ന പറയുന്നു.