മാനദണ്ഡ ലംഘനം:അഞ്ച് വിസിമാരുടെ നിയമനത്തില്‍ ഗവര്‍ണറുടെ തീരുമാനം ഉടന്‍

മാനദണ്ഡ ലംഘനം:അഞ്ച് വിസിമാരുടെ നിയമനത്തില്‍ ഗവര്‍ണറുടെ തീരുമാനം ഉടന്‍

തിരുവനന്തപുരം: കെടിയു വിസിയെ പുറത്താക്കിയ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ യുജിസി മാനദണ്ഡം ലംഘിച്ച് നിയമിച്ച സംസ്ഥാനത്തെ അഞ്ച് വിസിമാരുടെ കാര്യത്തില്‍ ഗവര്‍ണര്‍ ഉടന്‍ തീരുമാനമെടുത്തേയ്ക്കും. സര്‍ക്കാറിനോടും വിസിമാരോടും വിശദീകരണം ചോദിക്കും.

കണ്ണൂര്‍, കേരള, എംജി, ഫിഷറീസ്, സംസ്‌കൃത വിസിമാരെ ഗവര്‍ണര്‍ പുറത്താക്കുമോ എന്നതാണ് പ്രധാന ചോദ്യം. ഒന്നിലധികം പേരുള്ള പാനല്‍ ഇല്ലാതെ ഒറ്റപ്പേരില്‍ നിയമിച്ച കെടിയു വിസിക്ക് സ്ഥാനം നഷ്ടമായ സുപ്രീം കോടതി വിധിക്ക് ശേഷമുള്ള പ്രധാന ചോദ്യം ഇതാണ്. യുജിസി മാനദണ്ഡം ലംഘിച്ച് നിയമിക്കപ്പെട്ട അഞ്ച് വിസിമാരെ അയോഗ്യരാക്കണമെന്ന പരാതി രാജ്ഭവന്റെ മുന്നിലെത്തി.

കെടിയു കേസിലെ കോടതി വിധി നിയമന രീതിയില്‍ വ്യക്തത വരുത്തലാണെന്നാണ് ഒരഭിപ്രായം. പാനല്‍ നിര്‍ബന്ധമാണെന്ന് കോടതി സാക്ഷ്യപ്പെടുത്തുമ്പോള്‍ അല്ലാത്ത നിയമനങ്ങള്‍ അസാധുവാകുന്നത് സ്വാഭാവികമാണെന്നാണ് വാദം. പക്ഷെ മുന്‍കാലങ്ങളിലെ ഓരോ നിയമനങ്ങളും വ്യത്യസ്ത കേസുകളായി തന്നെ പരിഗണിക്കണമെന്ന അഭിപ്രായവുമുണ്ട്. നിയമനം ഒരിക്കല്‍ അംഗീകരിച്ച ഗവര്‍ണര്‍ എങ്ങനെ വിസിമാരെ പിന്‍വലിക്കുമെന്ന ചോദ്യവുമുണ്ട്. കെടിയു വിധിപകര്‍പ്പ് ചേര്‍ത്ത് നല്‍കിയ പരാതിയില്‍ ഉടന്‍ ഗവര്‍ണര്‍ സര്‍ക്കാറിനോട് വിശദീകരണം ചോദിച്ചേക്കും. വിസിമാരോടും വിശദീകരണം തേടാനാണ് സാധ്യത.

കണ്ണൂര്‍ വിസി ഗോപിനാഥ് രവീന്ദ്രന്റെ ആദ്യ നിയമനം ഒറ്റപ്പേരിന്റെ അടിസ്ഥാനത്തിലാണെന്ന രേഖകള്‍ ഇന്നലെ പുറത്തുവന്നിരുന്നു. സംസ്‌കൃത വിസിയായ ഡോ എംവി നാരായണറെ നിയമനവും കുരുക്കാകുന്ന രേഖകളും പുറത്തായി. ഏഴ് പേരുടെ ചുരുക്കപ്പട്ടികയാണ് ആദ്യം തയ്യാറാക്കിയത്. ഇതില്‍ എംവി നാരായണന്റെ പേര് മാത്രമാണ് സെര്‍ച്ച് കമ്മിറ്റി മുന്നോട്ട് വെച്ചത്. ഇക്കഴിഞ്ഞ മാര്‍ച്ചിലായിരുന്നു നിയമനം. ആദ്യം ഉടക്കിട്ട ഗവര്‍ണറോട് ബാക്കിയുള്ള ആര്‍ക്കും യോഗ്യതയില്ലെന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം.

ഗവര്‍ണറെ നേരിടുന്ന സര്‍ക്കാറാകട്ടെ കെടിയു വിധിയില്‍ ശരിക്കും പെട്ടിരിക്കുകയാണ്. പുനപ്പരിശോധനാ ഹര്‍ജിയുടെ സാധ്യതയാണ് പരിഗണിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.