'ചെപ്പടിവിദ്യക്കാരോട് അല്‍പം പിപ്പിടിയാകാം, കടക്കു പുറത്തെന്ന് താന്‍ ആരോടും പറഞ്ഞിട്ടില്ല'; മുഖ്യമന്ത്രിയെ പരിഹസിച്ച് ഗവര്‍ണര്‍

'ചെപ്പടിവിദ്യക്കാരോട് അല്‍പം പിപ്പിടിയാകാം, കടക്കു പുറത്തെന്ന് താന്‍ ആരോടും പറഞ്ഞിട്ടില്ല'; മുഖ്യമന്ത്രിയെ പരിഹസിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: വൈസ് ചാന്‍സലര്‍മാരുടെ രാജി ആവശ്യപ്പെട്ടുള്ള വിവാദത്തിനിടെ മുഖ്യമന്ത്രിയെ പരിഹസിച്ച് ഗവര്‍ണറുടെ വാര്‍ത്താ സമ്മേളനം. ചെപ്പടിവിദ്യ കാണിക്കുന്നവരോട് അല്‍പം പിപ്പിടിയാകാമെന്നായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണം. മാധ്യമപ്രവര്‍ത്തനം എന്ന നിലയില്‍ ചിലര്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുകയാണെന്നും കടക്കു പുറത്തെന്ന് താന്‍ ആരോടും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷത്തിരിക്കുമ്പോള്‍ മാധ്യമ സിന്‍ഡിക്കേറ്റ് എന്നു പറഞ്ഞതും ഭരണ പക്ഷത്ത് ഇരിക്കുമ്പോള്‍ കടക്ക് പുറത്തെന്നും പറഞ്ഞതും താനല്ല. മാധ്യമങ്ങളോട് തനിക്കെന്നും ബഹുമാനമാണ്. ജനാധിപത്യത്തില്‍ മാധ്യമങ്ങള്‍ അത്യാവശ്യ ഘടകമാണ്. എന്നാല്‍ മാധ്യമ പ്രവര്‍ത്തനം പാര്‍ട്ടി പ്രവര്‍ത്തനമായി കാണുന്നവരോട് പ്രതികരിക്കാനില്ലെന്നാണ് പറഞ്ഞതെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

അധികാര ദുര്‍വിനിയോഗം നടത്തിയത് താനല്ല, വിസിമാരാണ്. മുഖ്യമന്ത്രിയോട് ചോദ്യം ചോദിയ്ക്കാന്‍ മാധ്യമങ്ങള്‍ക്ക് ധൈര്യം ഇല്ലാത്ത സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു.
സാങ്കേതിക സര്‍വകലാശാല വിസി നിയമനം ചട്ടവിരുദ്ധമെന്ന് കണ്ടെത്തിയത് സുപ്രീം കോടതിയാണ്. വിസി നല്ല നിലയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. കെ.ടി.യു വിസിക്ക് ആവശ്യമായ യോഗ്യതയുണ്ടായിരുന്നു. അവരെ തിരെഞ്ഞെടുത്ത രീതി തെറ്റാണെന്നാണ് കോടതി പറഞ്ഞത്. വൈസ് ചാന്‍സലര്‍മാരെ നിയന്ത്രിക്കുന്നത് എല്‍.ഡി.എഫാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.