കൊച്ചി: ഇലന്തൂര്‍ നരബലിക്കേസിലെ പ്രതികളെ ഒമ്പത് ദിവസത്തേക്കു കൂടി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. റോസിലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് പെരുമ്പാവൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പ്രതികളെ കസ്റ്റഡിയില്‍ വിട്ടത്. ഇതില്‍ രണ്ടു ദിവസം 15 മിനിറ്റ് വീതം അഭിഭാഷകനെ കാണാനും പ്രതികള്‍ക്ക് അനുമതി നല്‍കി.
പ്രതികളായ ഷാഫി, ഭഗവല്‍ സിങ്, ഭാര്യ ലൈല എന്നിവരെ പത്തു ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ട് കാലടി പൊലീസാണ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നത്. നരബലിയുമായി ബന്ധപ്പെട്ട ഇരുപത് കാര്യങ്ങളില്‍ വിശദമായ അന്വേഷണം വേണമെന്നായിരുന്നു അപേക്ഷയില്‍ പൊലീസ് ചൂണ്ടിക്കാണിച്ചിരുന്നത്.
മൊഴികളിലെ വൈരുദ്ധ്യം പരിഹരിക്കാന്‍ പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യണം, നരബലിയുടെ ആസൂത്രണം സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തണം, കൂടുതല്‍ തെളിവെടുപ്പ് നടത്തണം തുടങ്ങിയവയായിരുന്നു പൊലീസിന്റെ ആവശ്യം.
നരബലിക്ക് മുമ്പ് മുഖ്യപ്രതിയായ ഷാഫി വിവിധ ജില്ലകളില്‍ യാത്ര ചെയ്തിട്ടുണ്ടെന്നും ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും പൊലീസ് കോടതിയെ അറിയിച്ചു. കൂടുതല്‍ പേര്‍ ഇവരുടെ കുറ്റകൃത്യത്തിന് ഇരകളായോ എന്നതടക്കം കണ്ടെത്തേണ്ടതുണ്ടെന്നും പ്രതികള്‍ ഉപയോഗിച്ച കൂടുതല്‍ ആയുധങ്ങള്‍ കണ്ടെടുക്കാനുണ്ടെന്നും പൊലീസ് കോടതിയില്‍ പറഞ്ഞു.
എന്നാല്‍ കസ്റ്റഡി അപേക്ഷ പ്രതിഭാഗം കോടതിയില്‍ എതിര്‍ത്തു. മാധ്യമ ശ്രദ്ധയ്ക്ക് വേണ്ടി പൊലീസ് കേസിനെ വഴിത്തിരിച്ചു വിടുകയാണെന്നും കസ്റ്റഡി അനുവദിക്കേണ്ടതില്ലെന്നുമായിരുന്നു പ്രതി ഭാഗത്തിന്റെ വാദം.