കൊച്ചി: കൊച്ചി കുണ്ടന്നൂരിലെ ബാറിലുണ്ടായ വെടിവെപ്പിൽ അഭിഭാഷകന്‍ അടക്കം രണ്ടു പേര്‍ പിടിയില്‍. അഡ്വ. ഹരോൾഡ്, റോജൻ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. റോജൻ മറ്റൊരു കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയാണ്.
ബുധനാഴ്ച വൈകുന്നേരം നാല് മണിക്കാണ് സംഭവമുണ്ടായത്. മൂന്ന് മണിക്കൂറിന് ശേഷമാണ് ബാർ ഉടമകൾ സംഭവം പൊലീസിൽ അറിയിച്ചത്. തുടർന്ന് പൊലീസ് എത്തി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതികളെ തിരിച്ചറിയുകയും മണിക്കൂറുകൾക്കുള്ളിൽ പിടികൂടുകയുമായിരുന്നു.
ആലപ്പുഴ അര്‍ത്തുങ്കലില്‍ നിന്നുമാണ് പ്രതികള്‍ പിടിയിലായത്. ഇവരെ രാത്രി തന്നെ മരട് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. ക്രിമിനല്‍ പശ്ചാത്തലമുള്ള റോജന് തോക്ക് എങ്ങനെ ലഭിച്ചു എന്ന് വ്യക്തമല്ല. ഇയാളെ വിശദമായി പൊലീസ് ഇന്ന് ചോദ്യം ചെയ്യും.
അതേസമയം ഫോറന്‍സിക് സംഘം ഇന്ന് ബാറിലെത്തി പരിശോധന നടത്തും. വെടിയുണ്ട പതിച്ച ചുവരിൽ ആണ് പരിശോധന.
മദ്യപിച്ച് പുറത്തേക്ക് ഇറങ്ങുമ്പോൾ ഭിത്തിയിലേക്കാണ് ഇവർ വെടിവച്ചത്. വൈകിട്ട് നാല് മണിക്കാണ് സംഭവമുണ്ടായതെങ്കിലും ബാർ അധികൃതർ സംഭവം മറച്ചുവെക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്.