മ്യൂസിയത്തില്‍ യുവതിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം; പ്രതിയുടെ രേഖാചിത്രം പുറത്തു വിട്ടു

മ്യൂസിയത്തില്‍ യുവതിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം; പ്രതിയുടെ രേഖാചിത്രം പുറത്തു വിട്ടു

തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയത്തിൽ നടക്കാനിറങ്ങിയ യുവതിയെ ആക്രമിച്ച സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പുറത്തുവിട്ട് പൊലീസ്. ആശയക്കുഴപ്പമുണ്ടായതിനാലാണ് അന്വേഷണ നടപടികൾ വൈകിയതെന്നും ജാമ്യം ലഭിക്കാവുന്ന വകുപ്പ് ആദ്യം ചുമത്തിയത് പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്നും തിരുവനന്തപുരം ഡിസിപി പറഞ്ഞു. 

സംഭവം നടന്ന് നാലാം ദിവസമാണ് പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രമെങ്കിലും പൊലീസ് പുറത്തു വിടുന്നത്. പ്രതി സഞ്ചരിച്ച വാഹനം കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയെങ്കിലും ഒരു സൂചനയും കിട്ടിയിട്ടില്ല. എല്‍എംഎസ് ജംഗ്ഷനിൽ നിന്നും വാഹനം മടങ്ങിപ്പോകാൻ സാധ്യതയുള്ള വഴികളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. തിരുവനന്തപുരം ഡിസിപിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം.

കഴിഞ്ഞ ബുധനാഴ്ചയാണ് നഗരഹൃദയത്തിൽ വെച്ച് യുവതി അപമാനിക്കപ്പെട്ടത്. എൽഎംഎസ് ജംഗ്ക്ഷനിൽ വാഹനം നിർത്തിയ ശേഷം നടന്ന് വന്ന പ്രതി യുവതിയെ ആക്രമിക്കുകയായിരുന്നു. ഇതിന് ശേഷം മ്യൂസിയം ഗേറ്റ് ചാടിക്കടന്ന് അകത്ത് കയറി രക്ഷപ്പെട്ടു.

സംഭവം നടന്ന പുലർച്ചെ നാല് മണിക്ക് തന്നെ എയ്ഡ് പോസ്റ്റിൽ യുവതി വിവരം അറിയിച്ചുവെങ്കിലും പൊലീസ് കൺട്രോൾ റൂമിൽ അറിയിച്ചില്ലെന്നാണ് ആക്ഷേപം. പ്രതിയുടെ വാഹനം കേന്ദ്രീകരിച്ച് അപ്പോൾ തന്നെ അന്വേഷണം തുടങ്ങിയെങ്കിൽ അന്ന് തന്നെ പിടികൂടാനാകുമായിരുന്നു. രാവിലെ എട്ടരക്ക് യുവതി മ്യൂസിയം സ്റ്റേഷനിലെത്തി പരാതി നൽകി.

അതേസമയം, യുവതിക്കെതിരെ അതിക്രമം നടന്ന അന്ന് പുലർച്ചെ അക്രമിയെന്ന് സംശയിക്കുന്നയാൾ ഒരു വീട്ടിലും അക്രമം നടന്നുവെന്ന് വിവരം. സംഭവ ദിവസം പുലർച്ചെ മൂന്നരയ്ക്ക് ഒരാൾ കുറവൻ കോണത്തെ വീട്ടിൽ കയറി ജനൽ ചില്ല് തകർത്തു. ഈ സംഭവത്തിലെ ദൃശ്യങ്ങളിലുളള ആൾക്ക്, തന്നെ ആക്രമിച്ചയാളുമായി സാമ്യമെന്ന് ലൈംഗികാതിക്രമത്തിനിരയായ യുവതി പറഞ്ഞു. 3.30 മണിക്ക് ശേഷം അക്രമി നന്ദൻകോട് ഭാഗത്തേക്ക് പോയി എന്നാണ് വിവരം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.