തിരുവനന്തപുരം: ജനറൽ ആശുപത്രിയിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ മർദനം. സർജറി വിഭാഗത്തിലെ ഡോക്ടർ സി.എം.ശോഭയ്ക്കാണ് മർദ്ദനമേറ്റത്.
കൈയ്ക്കു പരുക്കേറ്റ ഡോക്ടറെ ജനറൽ ആശുപത്രിയിൽ തന്നെ ചികിത്സക്ക് പ്രവേശിപ്പിച്ചു. സംഭവത്തിൽ തിരുവനന്തപുരം സ്വദേശി വസീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സർജറി ഒപിയിൽ വൃക്കയിലെ കല്ലിന് ചികിൽസ തേടിയെത്തിയതായിരുന്നു രോഗി. ഇയാളോട് രോഗവിവരങ്ങൾ വിശദീകരിക്കുമ്പോൾ പ്രകോപിതനാകുകയും ഡോക്ടറെ അടിക്കുകയുമായിരുന്നു.
തലയ്ക്കു നേരെ വന്ന അടി തടുത്തപ്പോഴാണ് കൈയ്ക്ക് പരുക്കേറ്റത്. ആക്രമിച്ചയാൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്ന് ശോഭ ആവശ്യപ്പെട്ടു. ആത്മാർഥമായി ജോലി ചെയ്യുമ്പോൾ ആളുകൾ ഇത്തരത്തിൽ പ്രവർത്തിക്കുന്നത് സമാധാനാന്തരീക്ഷം തകർക്കുമെന്നും അവർ പറഞ്ഞു.