തിരുവനന്തപുരം: ഷാരോണ്‍ കൊലപാതകത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അമ്മാവന്‍ കരുതിവെച്ചിരുന്ന കീടനാശിനിയാണ് ഗ്രീഷ്മ ഷാരോണിനുള്ള കഷായത്തില്‍ കലര്‍ത്തിയത്. ഷാരോൺ വാഷ് റൂമിൽ പോയപ്പോൾ വിഷം കലർത്തുകയായിരുന്നെന്ന് പ്രതി പറഞ്ഞതായി പൊലീസ് വെളിപ്പെടുത്തി.
ഛർദിച്ചപ്പോൾ വിഷം കലർത്തിയ കാര്യം ഷാരോണിനോട് പറഞ്ഞുവെന്നും എന്നാല്‍ നീ പുറത്തു പറയേണ്ടെന്ന് ഷാരോൺ പറഞ്ഞെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. എന്നാല്‍ ഈ മൊഴിയില്‍ വ്യക്തത കുറവുണ്ട്. വിഷം സംഘടിപ്പിച്ചതിൽ കൂടുതൽ അന്വേഷണം നടത്താനാണ് പൊലീസിന്‍റെ തീരുമാനം.
ഗ്രീഷ്മയുടെ മാതാപിതാക്കളെയും പോലീസ് ചോദ്യം ചെയ്യുകയാണ്. മാതാപിതാക്കള്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ഷാരോണിന്‍റെ അച്ഛന്‍ ആരോപിക്കുന്നു.
ഷാരോണിനെ കൊന്നതാണെന്ന് പെണ്‍കുട്ടി ഇന്ന് പൊലീസിന് മുന്‍പില്‍ കുറ്റസമ്മതം നടത്തിയിരുന്നു. എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ശാസ്ത്രീയ തെളിവും മൊഴിയിലെ വൈരുദ്ധ്യവുമാണ് കേസന്വഷണത്തില്‍ പ്രധാന തുമ്പായത്.