തിരുവനന്തപുരം: വിസിമാര്‍ക്കെതിരെയുള്ള നടപടി കൂടുതല്‍ കടുപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. യുജിസി ചട്ടം പാലിക്കാതെയുള്ള എട്ട് വിസിമാരുടെ നിയമനം അസാധുവാണെന്നും അതിനാല്‍ നിയമനം ലഭിച്ച അന്നു മുതല്‍ നല്‍കി വന്ന ശമ്പളം തിരികെ പിടിക്കാനുമാണ് നീക്കം. ഗവര്‍ണര്‍ സംസ്ഥാനത്ത് മടങ്ങിയെത്തിയാല്‍ ഉടന്‍ ഉത്തരവിറക്കും.
നേരത്തെ ഗവര്‍ണര്‍ വിസിമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിന്റെ കാലാവധി നാളെയാണ് അവസാനിക്കുന്നത്. നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരള സര്‍വകലാശാലയില്‍ നിന്ന് വിരമിച്ച ഡോ. മഹാദേവന്‍ പിള്ളയും ആറ് വിസിമാരും ഇന്ന് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
തങ്ങളെ പുറത്താക്കാതിരിക്കാനുള്ള കാരണം ചോദിക്കാന്‍ ചാന്‍സലറായ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും ഫണ്ട് തിരിമറി അടക്കമുള്ള ആരോപണങ്ങളില്‍ ഹൈക്കോടതിയിലെയോ സുപ്രീം കോടതിയിലെയോ ജഡ്ജിമാര്‍ നേരിട്ട് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. ഇതിനു പിന്നാലെയാണ് ഗവര്‍ണറുടെ പുതിയ നീക്കം.
വിസിമാര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് അടുത്തിടെ ഗവര്‍ണര്‍ കത്ത് നല്‍കിയിരുന്നു. തുടര്‍ന്ന് വിസിമാര്‍ കോടതിയെ സമീപിക്കുകയായിരുന്നു. നിയമനാധികാരി ചാന്‍സലാറാണെന്നും എന്തുകൊണ്ട് ചാന്‍സലര്‍ക്ക് നടപടിയെടുത്തു കൂടാ എന്നും കോടതി ചോദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.