കൊച്ചി: ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വൈസ് ചാന്‍സലര്‍മാര്‍ ഹൈക്കോടതിയെ സമീപിച്ചു. കണ്ണൂര്‍ വി.സി ഗോപിനാഥ് രവീന്ദ്രന്‍ അടക്കം ഏഴ് വൈസ് ചാന്‍സലര്‍മാരാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഹര്‍ജി ഇന്ന് പരിഗണിക്കും.
ഗവര്‍ണര്‍ക്ക് മറുപടി നല്‍കാനുള്ള സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് ഹര്‍ജി ഇന്ന് പരിഗണിക്കുന്നത്. പുറത്താക്കാതിരിക്കാന്‍ കാരണം ചോദിക്കാന്‍ ചാന്‍സലര്‍ക്ക് അധികാരമില്ലെന്ന് വിസിമാര്‍ ഹര്‍ജിയില്‍ പറയുന്നു. അന്വേഷണം നടത്തി തെറ്റ് കണ്ടെത്തിയാല്‍ മാത്രമേ പുറത്താക്കാനാകൂ. അതിനാല്‍ തന്നെ ചാന്‍സലറുടെ കാരണം കാണിക്കല്‍ നോട്ടീസ് നിയമവിരുദ്ധമാണ്. ഈ നോട്ടീസ് റദ്ദാക്കണമെന്നും വിസിമാര്‍ ആവശ്യപ്പെടുന്നു. വിരമിച്ച കേരള വൈസ് ചാന്‍സലറും കോടതിയെ സമീപിച്ചവരില്‍ ഉള്‍പ്പെടുന്നുണ്ട്.
സെര്‍ച്ച് കമ്മിറ്റിയിലേക്ക് ഒരു അംഗത്തെ നോമിനേറ്റ് ചെയ്ത് തീര്‍ക്കേണ്ട വിഷയം സര്‍വ്വകലാശാല അനാവശ്യ വിവാദത്തിലാക്കിയെന്നും വിസിയില്ലാതെ എങ്ങനെ സര്‍വ്വകലാശാലയ്ക്ക് പ്രവര്‍ത്തിക്കാനാകുമെന്നും കോടതി ചോദിച്ചിരുന്നു.