തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള 10 ജില്ലകളിൽ ജാഗ്രത നിർദ്ദേശം നൽകി. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലര്‍ട്ട് ആണ്.
കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള 12 ജില്ലകളിൽ നാളെ മഴ മുന്നറിയിപ്പുണ്ട്. ഇതിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. തിങ്കളാഴ്ച വരെ മഴ തുടരും. തുലാവർഷത്തിനൊപ്പം തമിഴ്‌നാടിനും സമീപ പ്രദേശത്തിനും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതചുഴിയുടെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നത്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്.
അതിനാൽ സംസ്ഥാനത്ത് പരക്കെ ശക്തമായ മഴയ്ക്കും ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കും സാധ്യതയുള്ളതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴയ്‌ക്ക് പുറമേ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ ഇടി, മിന്നൽ, കാറ്റ് എന്നിവയ്‌ക്കും സാധ്യതയുണ്ട്. ഉച്ച കഴിഞ്ഞുള്ള നേരങ്ങളിലാകും ഇടിമിന്നലിന് സാധ്യത. ഈ സമയങ്ങളിൽ ആളുകൾ പുറത്തേക്ക് ഇറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്.
ചില ജില്ലകളിൽ യെല്ലോ അലർട്ടാണ് നൽകിയിരിക്കുന്നതെങ്കിലും മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോട് കൂടിയ മഴയ്‌ക്ക് സാധ്യത ഉള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നാണ് നിർദേശം.