തിരുവനന്തപുരം: കത്ത് വിവാദത്തില്‍ ഗവര്‍ണറുടെ ഇടപെടല്‍ തേടി ബിജെപി. 35 ബിജെപി കൗണ്‍സിലര്‍മാര്‍ നാളെ ഗവര്‍ണറെ കാണും. ഭരണ സമിതി പിരിച്ചു വിടണമെന്നും മേയറുടെ മൗനം അഴിമതിയ്ക്ക് തെളിവെന്നും ബിജെപി നേതാവ് വി.വി രാജേഷ് ആരോപിച്ചു.
മുമ്പും കത്ത് കൊടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണ് മുന്‍ മേയറുടെ പ്രതികരണം എന്നും വി.വി രാജേഷ് പ്രതികരിച്ചു. മേയര്‍ ഒളിച്ച് നടക്കുകയാണ്. സ്വജന പക്ഷപാതം വ്യക്തമായിക്കഴിഞ്ഞു. തിരുവനന്തപുരം കോര്‍പ്പറേഷന്‍ കുത്തഴിഞ്ഞ നിലയിലാണെന്നും രാജേഷ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കത്ത് മേയര്‍ ഒപ്പിട്ടതു തന്നെയാണ്. കോഴപ്പണം വാങ്ങി കോര്‍പ്പറേഷനില്‍ എന്തും നടത്തുകയാണ്. മേയറെ പാവയാക്കി സിപിഎം പ്ലേയിങ് ക്യാപ്റ്റന്‍ കളിക്കുകയാണെന്നും പാര്‍ട്ടി സെക്രട്ടറിയും ഡി.വൈ.എഫ് .ഐ നേതൃത്വവും പ്രതികരിക്കണമെന്ന് രാജേഷ് ആവശ്യപ്പെട്ടു. ആമസോണ്‍ കാടുകളില്‍ തീപിടിച്ചാല്‍ തേഞ്ഞിപ്പാലം സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുന്ന ഡി.വൈ.എഫ്.ഐ എവിടെയെന്നും 10,000 - 30,000 രൂപ ശമ്പളം വാങ്ങി 2000 പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ജോലി നല്‍കിയിട്ടുണ്ടെന്നും വി.വി രാജേഷ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം വിവാദമായ നിയമന കത്ത് താന്‍ എഴുതിയിട്ടില്ലെന്നാണ് മേയര്‍ ആര്യാ രാജേന്ദ്രന്‍ പറയുന്നത്. അതിനിടെ മേയര്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം.