കൊച്ചി: ഹര്‍ജിയില്‍ അന്തിമ തീരുമാനം വരുന്നതുവരെ വൈസ് ചാന്‍സലര്‍മാര്‍ക്കെതിരെ നടപടി എടുക്കരുതെന്ന് ഹൈക്കോടതി. ഗവർണർ വിസി മാർക്ക് കൈമാറിയ കാരണം കാണിക്കല്‍ നോട്ടീസില്‍ അന്തിമ തീരുമാനമെടുക്കരുതെന്നാണ് കോടതിയുടെ നിർദ്ദേശം.
സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പുറത്താക്കാതിരിക്കാനുള്ള കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ടാണ് ചാന്‍സലറായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒൻപത് വിസിമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ഇതിന് വിസിമാരെല്ലാം മറുപടി നല്‍കി. ഇതില്‍ അന്തിമ തീരുമാനമെടുക്കുന്നത് തടഞ്ഞുകൊണ്ടാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
കേസില്‍ അടുത്ത ബുധനാഴ്ചയാണ് വിശദമായ വാദം ഹൈക്കോടതി കേള്‍ക്കുക. അതുവരെ എല്ലാ നടപടികളും മരവിപ്പിച്ചാണ് കോടതിയുടെ ഉത്തരവ്. ഗവര്‍ണറുടെ നടപടിയില്‍ നിയമവിരുദ്ധമായ പല കാര്യങ്ങളും സംഭവിച്ചിട്ടുണ്ടെന്ന് വിസിമാരുടെ അഭിഭാഷകര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പല വിസിമാര്‍ക്കും ചാന്‍സലറായ ഗവര്‍ണര്‍ക്ക് മുന്നിലെത്തി വിശദീകരണം നല്‍കാന്‍ തയ്യാറല്ല. ഇക്കാര്യം കണ്ണൂര്‍ വി.സി. ഗോപിനാഥ് രവീന്ദ്രന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തന്നെ ക്രിമിനല്‍ എന്ന് വിളിച്ച് അധിക്ഷേപിച്ച ഒരാളുടെ മുന്നിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ഗോപിനാഥ് രവീന്ദ്രന്‍ അഭിഭാഷകന്‍ വഴി അറിയിച്ചത്. ഇക്കാര്യത്തില്‍ സ്വതന്ത്രമായ തീരുമാനം വിസിമാര്‍ക്ക് എടുക്കാമെന്നും ഒരാളും ചാന്‍സലറെ നേരിട്ട് കാണണമെന്ന് കോടതി നിര്‍ദേശിക്കില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.