ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്‍; ഡിസംബര്‍ ആദ്യം നിയമസഭ ചേരാന്‍ ആലോചന

ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്‍; ഡിസംബര്‍ ആദ്യം നിയമസഭ ചേരാന്‍ ആലോചന

തിരുവനന്തപുരം: ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ബില്‍ അവതരിപ്പിക്കുന്നതിനായി നിയമസഭാ സമ്മേളനം ചേരാന്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനം. ഇതിനായി ഡിസംബര്‍ അഞ്ചു മുതല്‍ 15 വരെ നിയമസഭാ സമ്മേളനം ചേരാനാണ് നീക്കം.

നിലവില്‍ നിയമ സര്‍വകലാശാല ഒഴികെയുള്ള സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ ഗവര്‍ണറാണ് ചാന്‍സലര്‍ പദവിയില്‍ ഇരിക്കുന്നത്. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ബില്ലാണ് സഭയില്‍ പ്രധാനമായി കൊണ്ടുവരിക. ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം ഡിസംബറില്‍ സഭാ സമ്മേളനം ചേരുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ വിസി നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് ഓരോ ദിവസം കഴിയുന്തോറും മൂര്‍ച്ഛിക്കുകയാണ്. നേരത്തെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റുന്നതിന് ഓര്‍ഡിനന്‍സ് കൊണ്ടുവരാനാണ് സര്‍ക്കാര്‍ ആലോചിച്ചിരുന്നത്.

എന്നാല്‍ ഗവര്‍ണറുമായുള്ള പോര് കടുപ്പിച്ച് സഭയില്‍ ബില്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നത്. അതിലൂടെ പ്രതിപക്ഷത്തിന്റെ പിന്തുണ കൂടി നേടാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്.

നിലവില്‍ വിവിധ സര്‍വകലാശാലകളില്‍ വ്യത്യസ്ത നിയമമാണ്. അതിനാല്‍ ഓരോന്നിനും ബില്‍ കൊണ്ടുവന്ന് അവതരിപ്പിക്കണം. നിലവില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് ബില്‍ തയ്യാറാക്കുന്നതിനുള്ള തിരക്കിലാണ്. ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടാതെ വന്നാല്‍ സുപ്രീം കോടതിയെ സമീപിക്കുന്ന കാര്യവും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.