പാലക്കാട്: വാളയാര്‍ പീഡന കേസിന്റെ തുടരന്വേഷണം സിബിഐയുടെ പുതിയ ടീം നടത്തും. സിബിഐ കൊച്ചി യൂണിറ്റിലെ ഡിവൈഎസ്പി വി എസ് ഉമയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. പാലക്കാട് പോക്‌സോ കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണിത്.
ക്രൈംബ്രാഞ്ചിന് ശേഷം കേസന്വേഷണം ഏറ്റെടുത്ത സിബിഐ പാലക്കാട് പോക്‌സോ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ആത്മഹത്യ ചെയ്തതാണെന്നായിരുന്നു സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തിലും പരാമര്‍ശിച്ചിരുന്നത്. എന്നാല്‍ മക്കള്‍ കൊല്ലപ്പെട്ടതാണെന്ന് പെണ്‍കുട്ടികളുടെ അമ്മ കോടതിയില്‍ വാദിച്ചു. മാത്രമല്ല കുറ്റപത്ര പ്രകാരം പ്രതികള്‍ രക്ഷപെടുമെന്ന ആശങ്കയും കുടുംബം കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തതയില്ലെന്നും തുടര്‍ന്വേഷണം നടത്തണമെന്നും കോടതി ഉത്തരവിട്ടത്.
മൂന്ന് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് കോടതി നിര്‍ദേശം. കേസിന്റെ തുടക്കം മുതലുള്ള കാര്യങ്ങള്‍ പുതിയ അന്വേഷണ സംഘം പരിശോധിക്കും.