സാങ്കേതിക സര്‍വകലാശാല വിസി നിയമനം; സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

സാങ്കേതിക സര്‍വകലാശാല വിസി നിയമനം; സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി: സാങ്കേതിക സർവകലാശാല വിസി ആയി ഡോ. സിസ തോമസിനെ നിയമിച്ച ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിസിയെ ശുപാർശ ചെയ്യേണ്ടത് സർക്കാരാണെന്നും എന്നാൽ സിസ തോമസിനെ ഗവർണർ സ്വന്തം ഇഷ്ടപ്രകാരം നിയമിക്കുകയായിരുന്നുവെന്നുമാണ് സർക്കാരിന്റെ വാദം. നിയമ വിരുദ്ധമായ ഗവർണറുടെ ഉത്തരവ് റദ്ദാക്കണമെന്നാണ് സർക്കാരിന്റെ ആവശ്യം. 

നിയമനം സ്റ്റെ ചെയ്യണം എന്ന സർക്കാർ ആവശ്യം കോടതി നിരാകരിച്ചിരുന്നു. വിസി നിയമനത്തിനായി സർക്കാർ മുന്നോട്ടുവച്ച ശുപാർശകൾ തള്ളിക്കൊണ്ടായിരുന്നു സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ സീനിയർ ജോയിന്റ് ഡയറക്ടറായ സിസ തോമസിന്  കെടിയു വിസിയുടെ ചുമതല ഗവർണർ നൽകിയത്. ഹർജിയിൽ യുജിസിയെ കോടതി സ്വമേധയാ കക്ഷി ചേർത്തിട്ടുണ്ട്. 

ചട്ടങ്ങൾക്ക് വിരുദ്ധമാണോ ഗവർണറുടെ  ഉത്തരവെന്ന കാര്യത്തിലാണ് യുജിസി ഇന്ന് നിലപാട് അറിയിക്കേണ്ടത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

അതേസമയം, ചാൻസിലർ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ ഒഴിവാക്കിയുള്ള ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ ഉടന്‍ ആരിഫ് മുഹമ്മദ് ഖാന് അയച്ചേക്കും. രണ്ട് ദിവസം മുമ്പ് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഓര്‍ഡിന്‍സ് പാസ്സാക്കിയതെങ്കിലും ഇന്നലെ രാത്രി വരെ  ​ഗവര്‍ണര്‍ക്ക് അയച്ചിട്ടില്ല.

ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയച്ചാല്‍ നിയമസഭ സമ്മേളനം വിളിച്ച് ചേര്‍ത്ത് ബില്‍ പാസാക്കാന്‍ കഴിയുമോയെന്ന ചോദ്യം ഉയരുന്നുണ്ടെങ്കിലും സര്‍ക്കാര്‍ പിന്നോട്ട് പോകാന്‍ സാധ്യതയില്ല. അതിനിടെ കലാമണ്ഡലം കല്പിത സർവകലാശാല ചാൻസിലർ സ്ഥാനത് നിന്നും ഗവർണ്ണറെ മാറ്റി സർക്കാർ  ഉത്തരവ് ഇറക്കിയിരുന്നു.  

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.