ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ മുന്നറിയിപ്പ്; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ മുന്നറിയിപ്പ്; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. 

തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് പുതച്ചേരിയുടെ വടക്കൻ തീരത്തോട് ചേർന്ന് നിലനിന്നിരുന്ന 'ശക്തി കൂടിയ ന്യൂനമർദ്ദം' ദുർബലപെട്ട ന്യൂനമർദ്ദമായി തീർന്നു. ഇത് കേരളം, തമിഴ്നാട് പ്രദേശങ്ങളിലൂടെ സഞ്ചരിച്ചു തെക്ക് കിഴക്കൻ അറബികടലിൽ ചക്രവാതചുഴിയായി പ്രവേശിക്കാനാണ് സാദ്ധ്യതയെന്നും മുന്നറിയിപ്പ് ഉണ്ട്. 

തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ആൻഡമാൻ കടലിനോടു ചേർന്ന് 16 നു പുതിയ ഒരു ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത ഉള്ളതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി,തൃശൂർ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 

ചില ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് ആണ് നൽകിയിരിക്കുന്നതെങ്കിലും മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാദ്ധ്യത ഉള്ളതിനാൽ ഇവിടെ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.