എന്‍എസ്എസിനെ തള്ളിപ്പറഞ്ഞിട്ടില്ല; വര്‍ഗീയവാദികളുടെ വോട്ട് വേണ്ട എന്നേ പറഞ്ഞിട്ടുള്ളു: വി.ഡി. സതീശന്‍

എന്‍എസ്എസിനെ തള്ളിപ്പറഞ്ഞിട്ടില്ല; വര്‍ഗീയവാദികളുടെ വോട്ട് വേണ്ട എന്നേ പറഞ്ഞിട്ടുള്ളു: വി.ഡി. സതീശന്‍

തിരുവനന്തപുരം: സമുദായ നേതാക്കള്‍ ഇരിക്കാന്‍ പറയുമ്പോള്‍ രാഷ്ട്രീയ നേതാക്കള്‍ കിടക്കരുത് എന്നാണ് താന്‍ പറഞ്ഞതെന്നും എന്‍എസ്എസിനെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ വിമര്‍ശനത്തിന് മറുപടി പറയുന്നതിനിടെയാണ് സതീശന്‍ വിശദീകരണം നല്‍കിയത്. 

ഒരു സമുദായത്തെയും താന്‍ തള്ളിപ്പറഞ്ഞിട്ടില്ല. തിരഞ്ഞെടുപ്പില്‍ എല്ലാ സമുദായത്തോടും വോട്ട് ചോദിച്ചിട്ടുണ്ട്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ വര്‍ഗീയവാദികളുടെ വോട്ട് വേണ്ടാ എന്നു പറഞ്ഞിരുന്നു. അല്ലാതെ ആരുടെയെങ്കിലും വോട്ടു വേണ്ടാ എന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും സതീശന്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് സമയത്ത് ഒന്നരമണിക്കൂറോളം തന്റെ അടുത്ത് വന്നിരുന്ന് പിന്തുന്ന അഭ്യര്‍ഥിച്ച ശേഷം ഒരു സാമുദായിക നേതാക്കളുടെയും തിണ്ണനിരങ്ങുന്ന സമ്പ്രദായമില്ലെന്ന് പറഞ്ഞു നടക്കുന്ന ആളാണ് വി.ഡി. സതീശന്‍ എന്നായിരുന്നു എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ രൂക്ഷ വിമര്‍ശനം. 

ജയിച്ചതിന് ശേഷം ഒരു സമുദായ സംഘടനയുടെയും പിന്തുണയില്‍ അല്ല വിജയിച്ചതെന്നാണ് സതീശന്‍ പറഞ്ഞത്. ഒരു നായരല്ലേ, ജയിച്ചോട്ടെയെന്നു ഞങ്ങള്‍ കരുതി. സമുദായത്തെ തള്ളിപ്പറയുന്ന ഒരാളുണ്ടെങ്കില്‍ അത് സതീശനാണെന്നും സുകുമാരന്‍ നായര്‍ വിമര്‍ശിച്ചിരുന്നു. ഈ പ്രസ്താവനയ്ക്കാണ് സതീശന്റെ മറുപടി നല്‍കിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.