തിരുവനന്തപുരം: ജവഹര്‍ ലാല്‍ നെഹ്‌റു വര്‍ഗീയതയോട് സന്ധി ചെയ്തുവെന്ന കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ പരാമര്‍ശം ഗൗരവതരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വിവാദ പരാമര്‍ശത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കെപിസിസി അദ്ധ്യക്ഷന്റെ ഭാഗത്ത് നിന്ന് തുടര്‍ച്ചയായി ഇത്തരം പരാമര്‍ശങ്ങളുണ്ടാകുന്നുവെന്ന് പരാതി കിട്ടിയിട്ടുണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു. പരാമര്‍ശത്തില്‍ എതിര്‍പ്പുയര്‍ത്തിയ മുസ്ലീം ലീഗ് അടക്കമുള്ള ഘടകകക്ഷികളുമായി സംസാരിക്കും. മതേതര നിലപാടുകളില്‍ വെള്ളം ചേര്‍ക്കുന്ന സമീപനം കോണ്‍ഗ്രസിലുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്നലെ കണ്ണൂരിലെ നവോത്ഥാന സദസില്‍വച്ചായിരുന്നു കെ സുധാകരന്റെ വിവാദ പരാമര്‍ശം. ആര്‍എസ്എസ് നേതാവായ ശ്യാമപ്രസാദ് മുഖര്‍ജിയെ മന്ത്രിയാക്കിക്കൊണ്ട് നെഹ്‌റു വര്‍ഗീയ ഫാസിസത്തോട് സന്ധിചെയ്യാന്‍ തയ്യാറായെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. സംഭവം വിവാദമായതോടെ നാക്കുപിഴയാണെന്നായിരുന്നു സുധാകരന്‍ നല്‍കിയ വിശദീകരണം.
എന്നാല്‍ വിവാദ പരാമര്‍ശത്തിനെതിരെ എംപിമാര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ഹൈക്കമാന്‍ഡിന് പരാതി നല്‍കി. സംഭവത്തില്‍ സുധാകരന്‍ ഖേദം പ്രകടിപ്പിച്ചതായി കേരളത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഡല്‍ഹിയില്‍ പറഞ്ഞു.