ക്രിസ്തീയ മൂല്യങ്ങളും വിശ്വാസവും കാത്തു സൂക്ഷിക്കാന്‍ സഭാ സ്ഥാപനങ്ങള്‍ പ്രതിജ്ഞാബദ്ധമാകണം: കെസിബിസി ജാഗ്രത കമ്മീഷന്‍

ക്രിസ്തീയ മൂല്യങ്ങളും വിശ്വാസവും കാത്തു സൂക്ഷിക്കാന്‍ സഭാ സ്ഥാപനങ്ങള്‍ പ്രതിജ്ഞാബദ്ധമാകണം: കെസിബിസി ജാഗ്രത കമ്മീഷന്‍

കൊച്ചി: ധാര്‍മ്മിക മൂല്യങ്ങളില്‍ അടിയുറച്ചതും പരസ്പര ആദരവോടും സാഹോദര്യത്തോടും വ്യാപരിക്കുന്നതുമായ തലമുറകളെ വാര്‍ത്തെടുക്കാന്‍ സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് കെസിബിസി ജാഗ്രത കമ്മീഷന്‍.

വിശ്വാസ ജീവിതത്തിന്റെ ഭാഗമായ ആരാധന ക്രമം, പൗരോഹിത്യം, സന്യാസം, കൂദാശകള്‍, സഭയുടെ പ്രബോധനങ്ങള്‍ തുടങ്ങിയവ അവഹേളിക്കപ്പെടുകയും അവമതിക്കപ്പെടുകയും ചെയ്യപ്പെടുന്ന സാഹചര്യങ്ങള്‍ സഭാ സ്ഥാപനങ്ങളില്‍ ഉണ്ടാകുവാന്‍ പാടില്ല. ക്രിസ്തീയ വിശ്വാസ ജീവിതത്തിനും ധാര്‍മ്മിക കാഴ്ചപ്പാടുകള്‍ക്കും വിരുദ്ധമായ ആഘോഷങ്ങളും ആശയങ്ങളും പ്രോത്സാഹിപ്പിക്കപ്പെടാന്‍ പാടില്ലാത്തതാണ്.

സ്‌കൂള്‍, കോളജ് മാനേജ്മെന്റുകള്‍ ഇത്തരം കാര്യങ്ങള്‍ ഗൗരവമായി പരിഗണിക്കുകയും ജാഗ്രത പുലര്‍ത്തുകയും ചെയ്യണം. ഞായറാഴ്ച ആചരണം, മൂല്യാധിഷ്ഠിത വിദ്യാഭ്യാസം, മതബോധനം തുടങ്ങിയ വിഷയങ്ങളിലെ സഭയുടെ നിലപാടുകള്‍ കാത്തു സൂക്ഷിക്കുകയും അതുവഴി ഈ കാലഘട്ടത്തിലെ മൂല്യച്യുതികള്‍ക്കും ധാര്‍മ്മിക അപചയത്തിനുമെതിരായി പ്രതിരോധ വലയം തീര്‍ക്കുകയും ചെയ്യാന്‍ സഭാ സ്ഥാപനങ്ങള്‍ ഉത്തരവാദിത്വം പുലര്‍ത്തണം.

സുവിശേഷ മൂല്യങ്ങളുടെ പ്രഘോഷണത്തിലും ഉപവിയില്‍ അധിഷ്ഠിതമായ പ്രവര്‍ത്തന ശൈലിയിലും കത്തോലിക്കാ സ്ഥാപനങ്ങളുടെ അനന്യത കാത്തുസൂക്ഷിക്കാന്‍ ബന്ധപ്പെട്ടവര്‍ പ്രതിജ്ഞാബദ്ധരാകണമെന്നും കെസിബിസി ജാഗ്രത കമ്മീഷന്‍ ആവശ്യപ്പെട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.