ആലപ്പുഴ: മഹാരാഷ്ട്രക്കാരിയുടെ രണ്ടു കോടി രൂപയും 15 ലക്ഷത്തിന്റെ ബൈക്കും തട്ടിയെടുത്തെന്ന പരാതിയിൽ ആലപ്പുഴ സ്വദേശിയെ പൊലീസ് കാർ തടഞ്ഞ് പിടികൂടി. ആലപ്പുഴ പാതിരപ്പള്ളി നെല്ലിപ്പറമ്പിൽ ടോണി തോമസിനെ (45) ആണ് മഹാരാഷ്ട്രക്കാരിയായ യുവതിയുടെ പരാതിയിൽ ആലപ്പുഴ നോർത്ത് പൊലീസ് സിനിമ സ്റ്റൈലിൽ കാർ തടഞ്ഞ് പിടികൂടിയത്.
ടോണിയെ അന്വേഷിച്ച് ആലപ്പുഴയിലെത്തിയ മഹാരാഷ്ട്ര പൊലീസ് സഹായത്തിനായി നോർത്ത് പൊലീസിന്റെ സഹായം തേടി. തുടർന്ന് മഫ്തിയിലെത്തിയ പൊലീസുകാർ കാറിനു മുന്നിൽ ബൈക്ക് വച്ച് തടഞ്ഞെങ്കിലും ടോണി കാർ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. ഡോർ തുറക്കാതിരുന്നതിനെ തുടർന്ന് ചില്ലു തകർത്താണ് ഇയാളെ പുറത്തിറക്കിയത്. പൊലീസിനെ സഹായിക്കാൻ നാട്ടുകാരും കൂടി. നഗരത്തിൽ ഡച്ച് സ്ക്വയറിനു സമീപത്തുനിന്നാണ് ടോണിയെ പിടികൂടിയത്.
മഹാരാഷ്ട്ര പൊലീസിന്റെ എഫ്ഐആർ മറാഠി ഭാഷയിലായതിനാൽ കേസിന്റെ വിശദാംശങ്ങൾ അറിയില്ലെന്ന് നോർത്ത് പൊലീസ് പറഞ്ഞു. ടോണിയോടൊപ്പം കാറിൽ മാതാപിതാക്കളും മറ്റു ചിലരും ഉണ്ടായിരുന്നു. യുവതി ടോണിയെയാണ് കബളിപ്പിച്ചതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ടോണിയെ ഉടൻ മഹാരാഷ്ട്ര പൊലീസിനു കൈമാറും.