തിരുവനന്തപുരം: ഗവര്‍ണറുമായുള്ള അങ്കത്തില്‍ കിതച്ചു നില്‍ക്കുന്ന സര്‍ക്കാരിനെ വീണ്ടും വെള്ളം കുടിപ്പിക്കാനൊരുങ്ങി ആരിഫ് മുഹമ്മദ് ഖാന്‍. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫും പെന്‍ഷനുമാണ് ഗവര്‍ണറുടെ അടുത്ത പോരാട്ട വിഷയം.
മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന് രണ്ട് വര്‍ഷം സര്‍വീസുണ്ടെങ്കില്‍ ആജീവനാന്ത പെന്‍ഷന്‍ നല്‍കുന്ന വിഷയം ഉടന്‍ ഏറ്റെടുക്കുമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. നടക്കുന്നത് തട്ടിപ്പാണ്. നിയമത്തെ കൊഞ്ഞനം കാട്ടുകയാണ്. യുവാക്കള്‍ ജോലി തേടി വിദേശത്ത് പോകേണ്ടി വരുമ്പോഴാണ് പൊതുപണം ഇത്തരത്തില്‍ ദുരുപയോഗം ചെയ്യപ്പെടുന്നത്.
പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കാണ് ജീവിതകാലം മുഴുവന്‍ പെന്‍ഷന്‍ ലഭിക്കുന്നത്. സാധാരണക്കാര്‍ക്ക് ആജീവനാന്ത പെന്‍ഷന്‍ ലഭിക്കാന്‍ എത്രകാലം ജോലി ചെയ്യേണ്ടിവരുമെന്ന് ഗവര്‍ണര്‍ ചോദിച്ചു.
ഓരോ മന്ത്രിമാരും ഇരുപത്തഞ്ചോളം പേരെ പേഴ്സണല്‍ സ്റ്റാഫില്‍ നിയമിക്കുന്നു. രണ്ട് വര്‍ഷത്തിനുശേഷം അവരോട് രാജി വെക്കാന്‍ നിര്‍ദ്ദേശിക്കുന്നു. അവര്‍ക്ക് ആജീവനാന്ത പെന്‍ഷന്‍ ലഭിക്കുന്നു. ഇത് തട്ടിപ്പാണ്. അത് നിര്‍ത്തലാക്കാന്‍ തനിക്ക് നിര്‍ദേശിക്കാനാകില്ല. എന്നാല്‍ ഇക്കാര്യം ദേശീയ തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമായി വരും നാളുകളില്‍ മാറുമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.