കൊച്ചി: മോഡലായ യുവതിയെ കൊച്ചി നഗരത്തില്‍ ഓടുന്ന കാറില്‍ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. മൂന്ന് പേര്‍ ചേര്‍ന്നാണ് പത്തൊമ്പതുകാരിയായ യുവതിയെ പീഡിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂര്‍ സ്വദേശികളായ മൂന്ന് യുവാക്കളും ഒരു സ്ത്രീയും അറസ്റ്റിലായി.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്:
വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് കൊച്ചി ഷിപ്പ് യാര്‍ഡിന് സമീപമുള്ള ബാറില്‍ സുഹൃത്തായ സ്ത്രീയോടൊപ്പം മോഡലായ യുവതി എത്തിയത്. പത്ത് മണിയോടെ യുവതി ബാറില്‍ കുഴഞ്ഞു വീണു. ഇതോടെ അവരെ താമസസ്ഥലത്തേക്ക് കൊണ്ട് പോകാം എന്നു പറഞ്ഞ് യുവാക്കള്‍ കാറില്‍ കയറ്റി.
സുഹൃത്തായ സ്ത്രീ കാറില്‍ കയറിയിരുന്നില്ല. തുടര്‍ന്ന് നഗരത്തില്‍ പലയിടങ്ങളില്‍ കറങ്ങിയ യുവാക്കള്‍ കാറില്‍ വച്ച് യുവതിയെ മാറി മാറി ബലാത്സംഗത്തിനിരയാക്കി. ഒടുവില്‍ കാക്കനാട്ടെ അവരുടെ താമസസ്ഥലത്ത് ഇറക്കി വിടുകയായിരുന്നു. യുവതി ഇന്ന് ഇക്കാര്യം അവരുടെ സുഹൃത്തിനോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
രാവിലെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് യുവതിയും യുവാക്കളും പോയ ബാറിലെത്തി പരിശോധന നടത്തി. യുവാക്കള്‍ നല്‍കിയ തിരിച്ചറിയല്‍ രേഖകളില്‍ മേല്‍വിലാസം വ്യാജമാണെന്ന് കണ്ടെത്തി.
തുടര്‍ന്ന് യുവതിയോടൊപ്പമുണ്ടായിരുന്ന സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതില്‍ നിന്ന് പീഡിപ്പിച്ചത് കൊടുങ്ങല്ലൂര്‍ സ്വദേശികളായ മൂന്നു യുവാക്കളാണെന്ന് കണ്ടെത്തി. കൂട്ട ബലാത്സംഗത്തെ തുടര്‍ന്ന് അവശനിലയിലായ യുവതി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
പിന്നീട് പൊലീസ് ഇവരെ കളമശേരി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സുഹൃത്തായ സ്ത്രീ കാറില്‍ കയറാതെ മനപൂര്‍വ്വം ഒഴിഞ്ഞു മാറിയെന്നാണ് നിഗമനം.