ഹൈദരാബാദ്: തുടക്കത്തിലെ തിരിച്ചടിക്കുശേഷം വിജയവഴിയിലേക്ക് മടങ്ങിയെത്തിയ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ശക്തരായ ഹൈദരാബാദ് എഫ്.സിയെ നേരിടും. ഇന്ന് രാത്രി 7.30 ന് ഹൈദരാബാദിലാണ് മത്സരം.
നിലവിലെ ചാമ്പ്യന്മാരും സീസണിൽ മുന്നിൽ നിൽക്കുന്ന ടീമുമായ ഹൈദരാബാദ് എഫ്.സിയാണ് അവരുടെ നാട്ടിൽ എതിരിടുകയെന്നതാണ് ബ്ലാസ്റ്റേഴ്സിന് മുന്നിലെ കടുത്ത വെല്ലുവിളി.
കഴിഞ്ഞ വർഷത്തെ ഫൈനലിൽ ബ്ലാസ്റ്റേഴ്സിനെ തോൽപിച്ചാണ് ഹൈദരാബാദ് കിരീടമുയർത്തിയിരുന്നത്. ആദ്യ മത്സരത്തിലെ സമനിലക്കുശേഷം തുടർച്ചയായ അഞ്ചു വിജയങ്ങളുമായി 16 പോയന്റാണ് ഹൈദരാബാദിന്.
ആദ്യ കളിയിൽ ഈസ്റ്റ് ബംഗാളിനെ തോൽപിച്ചശേഷം ഹാട്രിക് തോൽവി വഴങ്ങിയ ബ്ലാസ്റ്റേഴ്സ് പിന്നീടുള്ള രണ്ടു മത്സരങ്ങളിൽ ജയവുമായാണ് തിരിച്ചെത്തിയത്. നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെ 3-0ത്തിനും എഫ്.സി ഗോവയെ 3-1നുമാണ് ഇവാൻ വുകോമാനോവിചിന്റെ ടീം തോൽപിച്ചത്.