കല്‍പ്പറ്റ: അയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ വെട്ടേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരന്‍ മരിച്ചു. വയനാട് നെടുമ്പാല പള്ളിക്കവലയില്‍ ആണ് കുട്ടിക്ക് നേരെ ആക്രമണം ഉണ്ടായത്. പള്ളിക്കവല കുഴിമുക്ക് പാറയ്ക്കല്‍ ജയപ്രകാശിന്റെ മകന്‍ ആദിദേവ് (5) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.
വ്യാഴാഴ്ച രാവിലെ ഒമ്പതോടെയാണ് അയല്‍വാസികള്‍ തമ്മില്‍ തര്‍ക്കവും തുടര്‍ന്ന് ആക്രമണവും ഉണ്ടായത്. ജയപ്രകാശിന്റെ ഭാര്യ അനില മകന്‍ ആദിദേവിനെ അങ്കണവാടിയിലേക്ക് കൊണ്ടുപോകുന്നതിനിടെ റോഡില്‍വച്ചാണ് രണ്ടു പേര്‍ക്കും നേരെ ആക്രമണമുണ്ടായത്. അയല്‍വാസിയും ജയപ്രകാശിന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ പള്ളിക്കവല കിഴക്കേപറമ്പില്‍ ജിതേഷ് (45) ആണ് അനിലയെയും കുഞ്ഞിനെയും ആക്രമിച്ചത്.
അനിലയ്ക്ക് തോളിലും പുറത്തും വെട്ടേറ്റു. ആദിദേവിന് ഇടതുചെവിയുടെ ഭാഗത്താണ് വെട്ടേറ്റത്. ഇരുവരെയും മേപ്പാടി ഡി.എം. വിംസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആദിദേവിന്റെ നില ഗുരുതരമായതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. മേപ്പാടി എസ്.ഐ വി.പി. സിറാജിന്റെ നേതൃത്വത്തില്‍ പ്രതി ജിതേഷിനെ അറസ്റ്റ് ചെയ്തു.
ജയപ്രകാശും ജിതേഷും ബിസിനസ് പങ്കാളികളായിരുന്നു. ബിസിനസിലെ തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ജിതേഷിനെ സംഭവസ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുത്തു. അനിലയെയും ആദിദേവിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ജിതേഷ് ഉപേക്ഷിച്ച വാക്കത്തിയും പോലീസ് കണ്ടെടുത്തു.