കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല വീണ്ടും വിവാദത്തില്‍. സര്‍വകലാശാലയുടെ വെബ്‌സൈറ്റില്‍ നിന്ന് മുപ്പതിനായിരത്തില്‍ അധികം വിദ്യാര്‍ഥികളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നതാണ് പുതിയ വിവാദത്തിന് വഴി തെളിച്ചത്.
ഹാക്കര്‍ ഡാര്‍ക്ക് വെബ്ബില്‍ പ്രസിദ്ധീകരിച്ച വിവരങ്ങള്‍ കണ്ടെത്തിയത് കൊച്ചിയിലെ സ്വകാര്യ സൈബര്‍ സുരക്ഷാ ഏജന്‍സിയാണ്. സര്‍വകലാശാല വെബ്സൈറ്റിന്റെ പിഴവു മൂലമാണ് വിവരങ്ങള്‍ ചോര്‍ന്നതെന്നാണ് നിഗമനം.
കൊച്ചിയിലെ ഒരു സൈബര്‍ സുരക്ഷാ ഏജന്‍സി നടത്തിയ പരിശോധനയിലാണ് കണ്ണൂര്‍ സര്‍വകലാശാലയിലെ 2018 മുതല്‍ 2022 വരെയുള്ള മുപ്പതിനായിരത്തിലധികം വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ചോര്‍ന്നതായി കണ്ടെത്തിയത്. ഹാക്കര്‍മാര്‍ അവരുടെ ഒരു ഫോറത്തില്‍ ഇത് പ്രദര്‍ശിപ്പിച്ചിരിക്കുകയായിരുന്നു.
തുടര്‍ന്ന് കൊച്ചിയിലെ ഈ സൈബര്‍ സുരക്ഷാ സ്ഥാപനം നടത്തിയ പരിശോധനയിലാണ് വിദ്യാര്‍ഥികളുടെ ആധാര്‍ നമ്പറുകള്‍, ഫോട്ടോ, ഫോണ്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ ചോര്‍ന്നതായി കണ്ടെത്തിയത്. സര്‍വകലാശാലയുടെ അപേക്ഷാ ഫോം പൂരിപ്പിക്കുന്ന സമയത്ത് നല്‍കിയിരിക്കുന്ന മുഴുവന്‍ വിവരങ്ങളും ചോര്‍ന്നിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.