കോവിഡിനെ നശിപ്പിക്കാൻ മൗത്ത് വാഷ് : പരീക്ഷണം ചൂടുപിടിക്കുന്നു

കോവിഡിനെ നശിപ്പിക്കാൻ മൗത്ത് വാഷ് :  പരീക്ഷണം ചൂടുപിടിക്കുന്നു

യൂ കെ ( വെയ്ൽസ് ): മൗത്ത് വാഷിന് കോവിഡ് വൈറസിനെ നശിപ്പിക്കാൻ ശേഷി ഉണ്ടെന്ന് പഠനറിപ്പോർട്ട് . മൗത്ത് വാഷുമായി സമ്പർക്കത്തിൽ ആയി 30 സെക്കൻഡിനുള്ളിൽ വൈറസ് നശിക്കുന്നതായി പഠനത്തിൽ കണ്ടെത്തിയിരിക്കുന്നു എന്ന് കാർഡിഫ് യൂണിവേർസിറ്റിയിലെ ശാസ്ത്രജ്ഞന്മാർ. വെയ്ൽസിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ നടത്തിയ ശാസ്ത്രീയ പഠനത്തിലും ഇതേ കണ്ടെത്തൽ തെളിയിക്കപ്പെട്ടു. ഭാവിയിൽ ജനങ്ങളുടെ ജീവിതചര്യയുടെ ഒരു പ്രധാനഭാഗമായി മാറിയേക്കാം മൗത്ത് വാഷ് എന്ന് ഡോ.നിക്ക് ക്ലയിറ്റൺ പറഞ്ഞു.

മൗത്ത് വാഷ് ഉപയോഗിക്കുന്നത് ഉമിനീരിലെ വൈറസിനെ കൊല്ലാൻ സഹായിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും കൊറോണ വൈറസിനുള്ള ചികിത്സയായി ഇത് ഉപയോഗിക്കാമെന്നതിന് തെളിവുകളില്ല. കാരണം ഇത് ശ്വാസകോശത്തിലേക്ക് എത്തുന്നില്ല എന്നതുതന്നെ. എന്നാൽ കൈകഴുകൽ , സോഷ്യൽ ഡിസ്റ്റൻസിങ്, മാസ്ക് എന്നിവയ്‌ക്കൊപ്പം മൗത് വാഷും, ഭാവിയിൽ, ജീവിതത്തിന്റെ ഒരു ഭാഗമായേക്കാമെന്നു ഡോ ക്ലയിറ്റൺ പറഞ്ഞു .

കുറഞ്ഞത് 0.07% സെറ്റിപിരിഡിനിയം ക്ലോറൈഡ് (സി‌പി‌സി) അടങ്ങിയിരിക്കുന്ന മൗത്ത് വാഷുകൾക്കാണ്  വൈറസിനെ ഉന്മൂലനം ചെയ്യാൻ കഴിയുമെന്നതിന്റെ പരീക്ഷണ ഫലസൂചനകൾ ലഭിച്ചത് എന്ന് സർവകലാശാല റിപ്പോർട്ട് പറയുന്നു.

മോണരോഗത്തെ പ്രതിരോധിക്കാൻ ‌ ഉപയോഗിക്കുന്ന നിരവധി മൗത്ത് വാഷുകൾ പരീക്ഷിക്കുമ്പോൾ , SARS-CoV-2 കൊറോണ വൈറസ് (മറ്റ് അനുബന്ധ കൊറോണ വൈറസുകൾ) എന്നിവ പ്രവർത്തനരഹിതമാകുന്നുവെന്നു പഠനത്തിന്റെ മേൽനോട്ടം വഹിക്കുന്ന ഡോ റിച്ചാർഡ് സ്റ്റാന്റൻ അഭിപ്രായപ്പെട്ടു. മൂക്കിനുള്ളിലെയും വായിലെയും അന്തരീക്ഷത്തോട് സദൃശ്യം തോന്നിപ്പിക്കുന്ന വിധത്തിൽ കൃത്രിമമായി സൃഷ്ടിച്ചെടുത്ത ലാബിലാണ് ഈ പരീക്ഷണങ്ങൾ നടത്തിയത് .

കാർഡിഫിലെ ആശുപത്രിയിലെ കോവിഡ് -19 രോഗികളുടെ ഉമിനീരിലെ വൈറസിന്റെ അളവ് കുറയ്ക്കാൻ ഇത് സഹായിക്കുമോ എന്ന് അറിയാൻ ക്ലിനിക്കൽ ട്രയൽ ഫലം പരിശോധിക്കും. അടുത്ത വർഷം ആദ്യം ഫലങ്ങൾ ലഭ്യമായേക്കും. പ്രാഥമിക ഫലങ്ങൾ പ്രോത്സാഹനാ ജനകമാണെന്നും എന്നാൽ ക്ലിനിക്കൽ ട്രയലിൽ, രോഗികൾക്കിടയിൽ രോഗം പകരുന്നത് എങ്ങനെ തടയാമെന്നതിന് തെളിവുകൾ ഇല്ലെന്നും സർവകലാശാലയിലെ പ്രൊഫ.ഡേവിഡ് തോമസ് പറഞ്ഞു .

"ഈ മൗത്ത് വാഷുകൾ ലബോറട്ടറിയിലെ വൈറസിന്മേൽ പ്രവർത്തിക്കുന്നു. എന്നാൽ അവ രോഗികളിൽ പ്രവർത്തിക്കുന്നുണ്ടോയെന്ന് നാം നോക്കേണ്ടതുണ്ട്. ഇത് ഞങ്ങളുടെ ക്ലിനിക്കൽ പഠനത്തിന്റെ പ്രധാന ഭാഗമാണ് "അദ്ദേഹം പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.