തിരുവനന്തപുരം: സമരവുമായി ബന്ധപ്പെട്ട സ്വഭാവിക പ്രതികരണമാണ് ഞായറാഴ്ച വിഴിഞ്ഞത്ത് ഉണ്ടായതെന്നും പൊലീസ് നടപടിയില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും സര്‍വ്വകക്ഷി യോഗത്തില്‍ മത്സ്യത്തൊഴിലാളി സമര സമിതി ആവശ്യപ്പെട്ടു.
തുറമുഖ നിര്‍മ്മാണം പുനരാരംഭിക്കണമെന്ന നിര്‍ദേശവും സമര സമിതി എതിര്‍ത്തു. ഇക്കാര്യത്തില്‍ വ്യക്തത വരാത്തതിനാല്‍ വിഴിഞ്ഞം സര്‍വ്വകക്ഷി യോഗം തീരുമാനമാകാതെ പിരിഞ്ഞു. ചര്‍ച്ചയുടെ ഫലമെന്തെന്ന് അറിയില്ലെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപത വികാരി ജനറാള്‍ ഫാദര്‍ യൂജിന്‍ പെരേര പറഞ്ഞു.
സമാധാന അന്തരീക്ഷം ഉണ്ടാകണമെന്ന് മന്ത്രി ജി.ആര്‍ അനില്‍ യോഗത്തില്‍ പറഞ്ഞു. അക്രമം അനുവദിക്കാനാവില്ലെന്ന് സര്‍ക്കാര്‍ യോഗത്തില്‍ വ്യക്തമാക്കി.
അതിനിടെ വിഴിഞ്ഞത്തുണ്ടായ അനിഷ്ട സംഭവങ്ങളില്‍ പൊതുമുതലിനുണ്ടായ നാശനഷ്ടം സമരക്കാരില്‍ നിന്ന് തന്നെ ഈടാക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. പൊലീസ് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുന്ന വീഡിയോകളും ഫോട്ടോകളുമടക്കം ഉള്‍പ്പെടുത്തി വിശദമായ സത്യവാങ്മൂലം നല്‍കും. ഹര്‍ജി വെളളിയാഴ്ച വീണ്ടും പരിഗണിക്കും.