തൃശൂർ: വാക്കുതർക്കത്തെ തുടർന്ന് തൃശൂരിൽ അയൽവാസിയുടെ കുത്തേറ്റ് അച്ഛനും മകനും മരിച്ചു. ചേർപ്പ് പല്ലിശേരിയിൽ ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം.
പല്ലിശേരി പനങ്ങാടൻ വീട്ടിൽ ചന്ദ്രൻ (62), മകൻ ജിതിൻ കുമാർ (32) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ അയൽവാസിയായ പല്ലിശേരി കിഴക്കൂടൻ വേലപ്പനെ (59) പൊലീസ് അറസ്റ്റ് ചെയ്തു.
ഇലക്ട്രോണിക്‌സ് കടയിലെ ജീവനക്കാരനായ ജിതിൻ വഴിയിൽ കാർ നിർത്തി അതിൽ സ്‌പീക്കർ ഘടിപ്പിക്കുന്നതിനിടെ മദ്യപിച്ചെത്തിയ വേലപ്പൻ ജിതിനെ ചോദ്യം ചെയ്തു. ഇത് കണ്ട ജിതിന്റെ സഹോദരൻ ഗോകുലം പിതാവും വേലപ്പനുമായി തർക്കമുണ്ടായി.
പിന്നാലെ വീട്ടിൽപ്പോയി കത്തിയുമായി എത്തിയ വേലപ്പൻ പിതാവിനെയും മകനെയും കുത്തുകയായിരുന്നു. ഇവരെ ഉടൻ തന്നെ കൂർക്കഞ്ചേരി എലൈറ്റ് മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രാധയാണ് ചന്ദ്രന്റെ ഭാര്യ. ജിതിന്റെ ഭാര്യ നീതു. മക്കൾ: സായന്ദ്, സരസ്‌കൃത.