ദുബായ്: യൂറോപ്പിലെ വിവിധ ഭാഗങ്ങളില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആ മേഖലയില്‍നിന്ന് പക്ഷികളും കോഴി ഉല്‍പന്നങ്ങളും ഇറക്കുമതി ചെയ്യുന്നതിന് യു.എ.ഇ നിരോധനമേര്‍പ്പെടുത്തി. കാലാവസ്ഥ വ്യതിയാന, പരിസ്ഥിതി മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്.
ഈ സാഹചര്യത്തില്‍, ഭക്ഷ്യ ഇറക്കുമതിയും വിപണികളിലെത്തുന്ന മൃഗങ്ങളുടെ ആരോഗ്യസ്ഥിതിയും മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുകയും ഏതെങ്കിലും തരത്തിലുള്ള രോഗബാധ കണ്ടെത്തുന്ന പക്ഷം അടിയന്തര മുന്‍ കരുതല്‍ സ്വീകരിക്കാനുമുള്ള നടപടികള്‍ ഉറപ്പുവരുത്തിയിട്ടുണ്ട്.
നെതര്‍ലന്‍ഡ്‌സ്, ജര്‍മനി, റഷ്യ എന്നിവിടങ്ങളിലെ തിരഞ്ഞെടുത്ത പ്രദേശങ്ങളില്‍നിന്ന് പക്ഷികളും കോഴി ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിനും വിലക്കുണ്ട്. സുരക്ഷ നടപടികളുടെ ഭാഗമായി യു.കെയിലെ പല പ്രദേശങ്ങളില്‍നിന്നും കോഴി ഇറച്ചി, മുട്ട എന്നിവ ഇറക്കുമതി ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്.
രോഗം പടരുന്നത് നിയന്ത്രിക്കാന്‍, യൂറോപ്പിലെ വിവിധ ഭാഗങ്ങളില്‍ ആയിരക്കണക്കിന് കോഴികളെ കണ്ടെത്തി വേര്‍തിരിച്ചതായും അധികൃതര്‍ അറിയിച്ചു. ഇതിലൂടെ പൊതുജനാരോഗ്യവും ക്ഷേമവും സംരക്ഷിക്കുവാൻ സാധിക്കും എന്നാണ് അധികൃതര്‍ കരുതുന്നത്.