ഒന്‍പത് വിസിമാരെ ഹിയറിംഗിന് വിളിച്ച് ഗവര്‍ണര്‍; അഭിഭാഷകന്‍ ഹാജരായാലും മതി

ഒന്‍പത് വിസിമാരെ ഹിയറിംഗിന് വിളിച്ച് ഗവര്‍ണര്‍; അഭിഭാഷകന്‍ ഹാജരായാലും മതി

തിരുവനന്തപുരം: പുറത്താക്കാതിരിക്കാനുള്ള കാരണം കാണിക്കല്‍ നോട്ടീസിന് വിശദീകരണം നല്‍കിയ വിസിമാരെ ഹിയറിംഗിന് വിളിച്ച് ഗവര്‍ണര്‍. ഹിയറിംഗിന് ഹാജരാകാന്‍ ഒന്‍പത് വിസിമാര്‍ക്ക് നോട്ടീസ് നല്‍കി. ഈ മാസം 12 നാണ് വിസിമാരുടെ ഹിയറിംഗ്. രാവിലെ 11 മണിക്ക് ഹാജരാകണം. നേരിട്ട് ഹാജരാകുന്നതിനു പകരം അഭിഭാഷകരെ ചുമതലപ്പെടുത്താം. 

പുറത്താക്കാതിരിക്കാനുള്ള കാരണം കാണിക്കല്‍ നോട്ടീസിന് വിശദീകരണം നല്‍കാനുള്ള സമയപരിധി നവംബര്‍ ഏഴിനായിരുന്നു. ഗവര്‍ണറുടെ നീക്കത്തിനെതിരെ വിസിമാര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ദൃതിപിടിച്ചുള്ള നടപടി പാടില്ലെന്ന് നിര്‍ദേശിച്ചിരുന്നു. വിസിമാര്‍ക്ക് പറയാനുള്ളത് കേള്‍ക്കണമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഗവര്‍ണര്‍ ആദ്യം കാരണം കാണിക്കല്‍ നേട്ടീസ് അയച്ചു. ഇവര്‍ക്ക് നേരില്‍ കണ്ട് വിശദീകരണം നല്‍കാന്‍ അവസരം നല്‍കുന്നതിനാണ് ഇപ്പോള്‍ ഹിയറിങിന് വിളിപ്പിച്ചിരിക്കുന്നത്. 

നിയമനത്തില്‍ യുജിസി ചട്ടം പാലിച്ചിട്ടില്ലെന്നും രാജിവച്ചില്ലെങ്കില്‍ വിസിമാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും വ്യക്തമാക്കി സംസ്ഥാനത്തെ ഒന്‍പത് സര്‍വകലാശാല വിസിമാര്‍ക്കാണ് ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയത്. സാങ്കേതിക സര്‍വകലാശാലാ വിസി ഡോ. എം.എസ്.രാജശ്രീയെ പുറത്താക്കിയ സുപ്രീം കോടതി വിധിയുടെ ചുവടു പിടിച്ചായിരുന്നു ഗവര്‍ണറുടെ നടപടി. 

കേരള, എംജി, കാലിക്കറ്റ്, കണ്ണൂര്‍, മലയാളം സര്‍വകലാശാലകള്‍, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്), ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാല (കുഫോസ്), എ.പി.ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല (കെടിയു), ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല, ഡിജിറ്റല്‍, ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലാ വിസമാര്‍ക്കാണ് ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയത്. ഇതിനെതിരെയാണ് വിസിമാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.