വിഴിഞ്ഞം വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി; സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി

വിഴിഞ്ഞം  വിഷയത്തില്‍  അടിയന്തര പ്രമേയത്തിന് അനുമതി; സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരവുമായി ബന്ധപ്പെട്ട വിഷയം സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യും. ഉച്ചക്ക് ഒരു മണി മുതല്‍ രണ്ട് മണിക്കൂറാണ് ചര്‍ച്ച.

ഇക്കാര്യത്തില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ് അംഗീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഗൗരവമുള്ള വിഷയമാണിതെന്നും അദ്ദേഹം പറഞ്ഞു.

നാല് മാസത്തിലധികമായി മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം ഒത്തുതീര്‍പ്പിലെത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പ്രദേശത്ത് നിലനില്‍ക്കുന്ന ഗുരുതരമായ സാഹചര്യം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോവളം എംഎല്‍എ എം വിന്‍സന്റാണ് നോട്ടീസ് നല്‍കിയത്.

വിഴിഞ്ഞത്ത് ഇന്നും സമവായ നീക്കങ്ങള്‍ തുടരുന്നുണ്ട്. ഇന്നലെ മുഖ്യമന്ത്രിയും മന്ത്രിസഭാ ഉപസമിതിയും തമ്മില്‍ ചര്‍ച്ച നടത്തിയെങ്കിലും സമര സമിതിയുമായി ചര്‍ച്ച നടത്താനായിരുന്നില്ല. കൃത്യമായ ഉറപ്പ് സര്‍ക്കാരില്‍ നിന്ന് ലഭിക്കുകയാണെങ്കിലേ ചര്‍ച്ചയ്ക്കുള്ളൂ എന്നാണ് ലത്തീന്‍ അതിരൂപതയുടെ നിലപാട്.

ഇന്ന് വൈകുന്നേരത്തോടെ മന്ത്രിസഭാ ഉപസമിതിയും സമര സമിതിയും തമ്മില്‍ ചര്‍ച്ച നടത്താനാണ് ശ്രമം. ഈ ചര്‍ച്ച വിജയിച്ചാല്‍ മുഖ്യമന്ത്രിയും സമരക്കാരെ കണ്ടേക്കും. കഴിഞ്ഞ ദിവസങ്ങളിലെ അനുരഞ്ജന നീക്കങ്ങള്‍ വിലയിരുത്താനായി ഇന്നും സമര സമിതി യോഗം ചേരുന്നുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.