പന്തല്‍ ഇന്ന് പൊളിച്ചു നീക്കുമെന്ന് സമര സമിതി; വിഴിഞ്ഞം കോടതിയലക്ഷ്യ ഹര്‍ജി കോടതി തീര്‍പ്പാക്കി

പന്തല്‍ ഇന്ന് പൊളിച്ചു നീക്കുമെന്ന് സമര സമിതി; വിഴിഞ്ഞം കോടതിയലക്ഷ്യ ഹര്‍ജി കോടതി തീര്‍പ്പാക്കി

തിരുവനന്തപുരം: സമര പന്തല്‍ ഇന്ന് പൊളിച്ചു നീക്കുമെന്ന് അറിയിച്ചതോടെ വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ടുള്ള കോടതി അലക്ഷ്യ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി.

വിഴിഞ്ഞം തുറമുഖനിര്‍മാണം പൂര്‍ത്തിയാക്കാന്‍ സുരക്ഷ നല്‍കണമെന്ന കോടതി ഉത്തരവ് പാലിക്കപെട്ടില്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെതിരെ ആദാനി ഗ്രൂപ്പ് നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി ഇന്ന് പരിഗണിച്ചത്. ഇന്നലെ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ സമവായത്തിലെത്തിയതോടെ സമരം അവസാനിപ്പിച്ചിരുന്നു.

സമരം അവസാനിപ്പിച്ചെന്നും പന്തല്‍ ഇന്ന് പൊളിച്ച് നീക്കുമെന്നും സമരസമിതി കോടതിയെ അറിയിച്ചു. സമരം ഒത്തുതീര്‍പ്പായെന്ന് സര്‍ക്കാരും കോടതിയില്‍ പറഞ്ഞു. ഇതോടെ കോടതി ഹര്‍ജി തീര്‍പ്പാക്കുകയായിരുന്നു.

തുറമുഖനിര്‍മാണത്തിന് തുടര്‍ന്നും സുരക്ഷ വേണമെന്നാവശ്യപ്പെട്ടുള്ള അദാനിയുടെ ഹര്‍ജി കോടതിയുടെ പരിഗണനയിലുണ്ട്. ഈ ഹര്‍ജിയില്‍ കോടതി തിങ്കളാഴ്ച വാദം കേള്‍ക്കും.

അതേസമയം സര്‍ക്കാരും സമരക്കാരും തമ്മില്‍ നടത്തിയ ചര്‍ച്ച വിജയിച്ചതോടെ ചൊവ്വാഴ്ച തന്നെ വിഴിഞ്ഞത്തെ സമരപന്തല്‍ പൊളിക്കാനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. കസേരകള്‍ അടക്കമുള്ള സാധനങ്ങള്‍ ഇവിടെനിന്ന് എടുത്തുമാറ്റുകയാണ്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.