തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ അബദ്ധത്തില്‍ വെടിപൊട്ടിയ സംഭവത്തില്‍ എസ്ഐക്ക് സസ്പെന്‍ഷന്‍.
റാപ്പിഡ് ആക്ഷന്‍ ഫോഴ്സിലെ എസ്‌ഐ ഹാഷിം റഹ്മാനെയാണ് സസ്പെന്റ് ചെയ്തത്. എസ്‌ഐ അലക്ഷ്യമായി തോക്ക് കൈകാര്യം ചെയ്തുവെന്ന പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ചൊവ്വാഴ്ച രാവിലെയാണ് ക്ലിഫ് ഹൗസിലെ ഗാര്‍ഡ് റൂമില്‍ വെടി പൊട്ടിയത്. തോക്ക് വൃത്തിയാക്കുന്നതിനിടെ ചേമ്പറില്‍ വെടിയുണ്ട കുരുങ്ങുകയായിരുന്നു. രാവിലെ ഡ്യൂട്ടി മാറുമ്പോള്‍ പോലീസുകാര്‍ ആയുധങ്ങള്‍ വൃത്തിയാക്കാറുണ്ട്. മുഖ്യമന്ത്രി ക്ലിഫ് ഹൗസില്‍ നിന്നും പുറപ്പെട്ടതിന് പിന്നാലെയായിരുന്നു വെടി പൊട്ടിയത്.
പോലീസുകാരന്‍ തോക്ക് താഴേക്ക് ചൂണ്ടി വൃത്തിയാക്കുകയായിരുന്നു. ഈ സമയത്താണ് വെടി പൊട്ടിയത്. സംഭവത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.