ഏഡന്‍ ഹസാര്‍ഡ് രാജ്യാന്തര ഫുട്‌ബോളില്‍ നിന്നും വിരമിച്ചു; കളമൊഴിയുന്നത് ബെല്‍ജിയത്തിന്റെ സുവര്‍ണ തലമുറയില്‍പെട്ട താരം

ഏഡന്‍ ഹസാര്‍ഡ് രാജ്യാന്തര ഫുട്‌ബോളില്‍ നിന്നും വിരമിച്ചു; കളമൊഴിയുന്നത് ബെല്‍ജിയത്തിന്റെ സുവര്‍ണ തലമുറയില്‍പെട്ട താരം

ബ്രൂസെല്‍സ്: ഖത്തര്‍ ലോകകപ്പില്‍ നിന്നും പുറത്തായതിനു പിന്നാലെ രാജ്യാന്തര മത്സരങ്ങളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ബെല്‍ജിയം ക്യാപ്റ്റന്‍ ഏഡന്‍ ഹസാര്‍ഡ്. ബെല്‍ജിയത്തിന്റെ സുവര്‍ണ തലമുറയില്‍പെട്ട ഹസാര്‍ഡ് സമകാലിക ഫുട്‌ബോളിലെ ഏറ്റവും പ്രതിഭാധനരായ താരങ്ങളില്‍ ഒരാളാണ്. എന്നാല്‍ 31 കാരനായ താരം ഏതാനും വര്‍ഷങ്ങളില്‍ പരുക്കും ഫോമില്ലായ്മയും കൊണ്ട് ബുദ്ധിമുട്ടിയിരുന്നു.

നാലാം വയസില്‍ നാട്ടിലെ റോയല്‍ സ്റ്റേഡ് ബ്രൈനോയ് എന്ന അക്കാദമിയിലൂടെ കളി ആരംഭിച്ച ഹസാര്‍ഡ് 16ആം വയസില്‍ ഫ്രഞ്ച് ക്ലബ് ലിലെയിലൂടെയാണ് പ്രൊഫഷണല്‍ കരിയര്‍ ആരംഭിച്ചത്. തൊട്ടടുത്ത വര്‍ഷം ബെല്‍ജിയം ദേശീയ ടീമിലും ഇടം നേടി. 2007 മുതല്‍ 2012 വരെ ലിലെയില്‍ തുടര്‍ന്ന ഹസാര്‍ഡ് 147 മത്സരങ്ങളില്‍ കളത്തിലിറങ്ങി. 36 ഗോളുകളും നേടി.

2012ല്‍ ഇംഗ്ലീഷ് വമ്പന്മാരായ ചെല്‍സിയിലെത്തി. 2019 വരെ ടീമിന്റെ സുപ്രധാന താരമായി തുടര്‍ന്നു. ഈ കാലയളവിലാണ് ഹസാര്‍ഡ് എന്ന ഫുട്‌ബോളര്‍ തന്റെ പീക്കിലെത്തിയത്. 245 മത്സരങ്ങളില്‍ നിന്ന് ഹസാര്‍ഡ് 85 ഗോളുകള്‍ നേടി. 2019ല്‍ സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡിലെത്തിയതോടെ കരിയര്‍ ഇടിയാന്‍ ആരംഭിച്ചു.

പരുക്കുകള്‍ തുടരെ വേട്ടയാടിയപ്പോള്‍ ഹസാര്‍ഡ് പലപ്പോഴും ബെഞ്ചിലിരുന്നു. പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടിയുമായുള്ള പ്രശ്‌നങ്ങളും ചില സര്‍ജറികളുമൊക്കെ ഹസാര്‍ഡിന്റെ പ്രകടനത്തെ ബാധിച്ചു. റയലിനായി 51 മത്സരങ്ങള്‍ കളിച്ച ഹസാര്‍ഡ് നാല് ഗോളുകളാണ് നേടിയത്. ബെല്‍ജിയത്തിന്റെ അണ്ടര്‍ 15 മുതല്‍ 19 വരെ എല്ലാ ഏജ് ഗ്രൂപ്പിലും കളിച്ച ഹസാര്‍ഡ് ദേശീയ ജഴ്‌സിയില്‍ 126 മത്സരങ്ങളില്‍ നിന്ന് 33 ഗോളുകള്‍ നേടിയിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.